
”ഗ്ലാമർ വേഷങ്ങൾ ചെയ്ത് തൃപ്തിപ്പെടുത്താൻ എനിക്ക് പറ്റില്ല” ; കിടിലൻ മറുപടിയുമായി സായ് പല്ലവി
എറണാകുളം : സിനിമാ പ്രവർത്തകരോട് ഗ്ലാമർ വേഷത്തെ കുറിച്ചും ഗ്ലാമർ വേഷങ്ങളോട് നോ പറഞ്ഞാൽ പിന്നീട് കിട്ടുന്ന അവസരങ്ങളെ കുറിച്ചും ചോദിക്കുന്നത് ഇപ്പോൾ സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ്. ചിലർ അതിന് ഡിപ്ലോമാറ്റിക് രീതിയിലാണ് മറുപടി പറയാറുള്ളതെങ്കിൽ ചിലർ പലപ്പോഴും തുറന്നടിച്ചുള്ള മറുപടി നൽകാറുണ്ട്. അത്തരത്തിലുള്ള മറുപടികൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടിയും നർത്തകിയുമായ സായ് പല്ലവി നൽകിയ ഒരു മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗ്ലാമർ വേഷങ്ങൾ അവസരങ്ങൾ നഷ്ടപ്പെടുത്തുമോ എന്ന ചോദ്യത്തിനുള്ള സായ് പല്ലവിയുടെ മറുപടിയാണ് വൈറലാകുന്നത്. സായ്പല്ലവിയുടെ പുതിയ ചിത്രം അമരൻ ഈ മാസം 31 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി ഒരു മാദ്ധ്യമം സംഘടിപ്പിച്ച അഭിമുഖത്തിൽ ആയിരുന്നു താരം ഗ്ലാമർവേഷങ്ങളിൽ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയത്. ഗ്ലാമറിനുള്ള വ്യക്തി മാത്രമായി ആളുകൾ തന്നെ കാണരുത് എന്നാണ് ആഗ്രഹം എന്ന് നടി പറയുന്നു. ഇതേ തുടർന്നാണ് ഗ്ലാമർ വേഷങ്ങൾ ഒഴിവാക്കുന്നത്.

പൊതുജനങ്ങൾ തന്നെ കഴിവിന്റെ പേരിൽ കാണണം വിലയിരുത്തണം. ശരീരം കാണാൻ നടക്കുന്ന മറ്റൊരു കൂട്ടം പ്രേഷകരെ തൃപ്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. അങ്ങിനെ പ്രേഷകർ ആരും തന്നെ കാണേണ്ട. അത്തരം ദൃഷ്ടികൾ തന്നിൽ പതിയണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു.

ജോർജിയയിൽ മെഡിസിന് പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കാനായി അവസരം ലഭിക്കുന്നത്. പ്രേമം സിനിമയിലേക്ക് അൽഫോൺസ് പുത്രൻ വിളിച്ചപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിപ്പോയി. അതൊരു തട്ടിപ്പ് കോളാണെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് യഥാർത്ഥത്തിൽ തന്നെ സിനിമയിലേക്ക് വിളിച്ചതാണെന്ന് വ്യക്തമായി. ഇതോടെ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.