ന്യൂഡല്‍ഹി: ദാന ചുഴലിക്കാറ്റ് ഒഡീഷയിലും പശ്ചിമബംഗാളിലും തീരം തൊട്ടപ്പോഴേ നാശനഷ്ടം തുടങ്ങി. മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയിലാണ് ദാന കൊടുങ്കാറ്റ് ഒഡീഷയില്‍ വീശിയത്. കൊടുങ്കാറ്റിന്റെ ശക്തിയാല്‍ മരങ്ങള്‍ കടപുഴകുകയും വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു. ഇന്നലെ അര്‍ധരാത്രിയൊടെയാണ് ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടത്. ഭദ്രക്, കേന്ദ്രപാര, ബാലസോര്‍, ജഗത്സിംഗ്പൂര്‍ എന്നീ ജില്ലകളില്‍ 110 കിലോമീറ്റര്‍ വേഗതയിലും അതിശക്തമായ മഴയും ഉണ്ടായി. ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, വന്‍ ശക്തിയില്‍ അടിക്കുന്ന കൊടുങ്കാറ്റ് ആറ് മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ചുഴലിക്കാറ്റിന്‍രെ മുന്നറിയിപ്പ് ലഭിച്ചതോടെ വലിയ ദുരന്തം ഉണ്ടാകില്ലെന്നും ദുരിതം തടയാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ടെന്നും ഒഡീഷ സര്‍ക്കാര്‍ വീണ്ടും അറിയിച്ചു. വൈദ്യുത തൂണുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ തുടങ്ങി നിരവധി ഇലക്ട്രിക്കല്‍ ഇന്‍സ്റ്റാളേഷനുകള്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്നും വൈകിട്ടൊടെ വൈദ്യുതി പുനസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി മജ്ഹി പറഞ്ഞു. മുന്‍കരുതലിന്‍രെ ഭാഗമായി 5.8 ലക്ഷം ആളുകളെ തമസസ്ഥലത്ത് നിന്ന് സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്), ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ഒഡിആര്‍എഫ്) 51, ഫയര്‍ സര്‍വീസ്, ഫോറസ്റ്റ് സ്റ്റാഫ് എന്നിവരടങ്ങുന്ന 385 റെസ്‌ക്യൂ ടീമുകളെ വിന്യസിച്ചിരുന്നു.
ദാനയുടെ പ്രഭാവം ഒഡീഷയ്ക്ക് പുറമേ, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് ഏറ്റവും കൂടുതല്‍ ആഘാതം അനുഭവപ്പെട്ടത്, ഇവിടെ നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ബംഗാളില്‍ 2,43,374 പേര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മുന്‍കരുതലിന്‍രെ ഭാഗമായി ട്രെയിനുകള്‍,വിമാനങ്ങള്‍ എന്നിവ റദ്ദാക്കിയിരുന്നു. സ്‌കുളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ബംഗാളിനും ഒഡീഷയ്ക്കും പുറമേ ജാര്‍ഖണ്ഡിന്‍രെ ചില ഭാഗങ്ങിലും കനത്ത മഴ അനുഭവപ്പെട്ടു.