ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിതമാണ് അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ ആദ്യവാരം ചിത്രം തിയറ്ററിലെത്തും. ഇതിനിടയിൽ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണെന്നാണ് റിപ്പോർട്ട്. കൂടാതെ ഡിസംബർ 5 മുതൽ 24 മണിക്കൂറും ചിത്രത്തിന്റെ പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ. മേത്ത വ്യക്തമാക്കി.
അതേസമയം, സിനിമ കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ തങ്ങൾക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടെന്നും മുകേഷ് ആർ. മേത്ത പറയുന്നു. “ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക. കേരളത്തിൽ റിലീസിന്‍റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക എന്നിവയാണ്”.
റിലീസിന് മുന്നേ ചിത്രം കോടികൾ കൊയ്തതായാണ് വിവരം. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടി കഴിഞ്ഞു. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2വിന്റെ ഒടിടി അവകാശം വിറ്റുപോയത്. എന്നാൽ തിയറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തിയറ്ററിലെത്തുക.
ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ രശ്മികയാണ് നായിക. മലയാള നടൻ ഫഹദ് ഫാസിലാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൽ സാമന്തയുടെ ഡാൻസിന് സമാനമായ ഐറ്റം നമ്പർ ഉണ്ടെന്നും വിവരമുണ്ട്. സമാന്തയ്ക്ക് പകരം പുഷ്പ 2വിലെത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണെന്നാണ് വിവരം. എന്തായാലും സാമന്തയുടെ ഡാൻസിനെ ശ്രദ്ധ കപൂർ മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പത്ത് വർഷത്തിലേറെയായി സിനിമാ നിർമാണ, വിതരണ മേഖലയിലെ സജീവ സാന്നിധ്യമാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് കേരളത്തിൽ വിതരണത്തിനെത്തിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ചെന്നൈ എക്സ്പ്രസ്, ഫാസ്റ്റ് ആൻഡ് ഫ്യൂരീസ് സീരീസ്, എംഎസ് ധോനി, അക്വാമാൻ, ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ, സഞ്ജു, അവതാർ, ആനിമൽ, പുഷ്പ ദ റൈസ് എന്നിവയാണ് അവയിൽ ചിലത്.