ജീവിതശൈലി രോഗങ്ങൾ അമിതമായ രീതിയിൽ കണ്ട് വരുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ. ആദ്യ കാലത്തെ അപേക്ഷിച്ച് ഭക്ഷണ ശൈലിയിലും ജോലി സ്വഭാവത്തിൽ മാറ്റങ്ങളും എല്ലാം അതിന് ഒരു കാരണമായി മാറാറുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിലുള്ള ജീവിത ശൈലി രോഗങ്ങൾ. അത്തരത്തിൽ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് കാപ്പി.
ദിവസവും 200-300 മില്ലി ഗ്രാം, കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സ്‌ട്രോക്ക്, ഹൃദയാഘാതം കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയിലേക്ക് നയിക്കാൻ കാരണമാകുന്ന ലൂപ്പസ് എന്ന ഓട്ടോഇമ്മ്യൂണൽ രോഗാവസ്ഥയുള്ളവരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ദിവസവും 200 മുതൽ 300 വരെ മില്ലിഗ്രാം കാപ്പി കുടിക്കുന്നവരിൽ 48.1 ശതമാനം വരെ കാർഡിയോമെറ്റബോളിക് രോഗങ്ങൾ വരാനുള്ള സാധ്യത കുറഞ്ഞതായാണ് പഠനത്തിൽ കണ്ടെത്തിയത്.
അത് മാത്രമല്ല ഫ്ലവൊനോയിഡുകൾ, ആൽക്കലോയിഡുകൾ, പോളിഫിനോളുകൾ തുടങ്ങി കാപ്പിയിലും ചായയിലും നൂറുകണക്കിന് ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസ് ക്രമീകരിക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.
അതേസമയം അമിതമായാൽ അമൃതവും വിഷം എന്ന പഥപ്രയോഗം ഇവിടേയും പറയേണ്ടതുണ്ട്. അമിതമായി കാപ്പി കുടിക്കുന്ന ശീലം സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ദിവസവും നാല് കാപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് സ്‌ട്രോക്ക് സാധ്യത 37 ശതമാനമായി വർധിപ്പിക്കുമെന്ന് ജേണൽ ഓഫ് സ്‌ട്രോക്കിൽ പ്രസിദ്ധീകരിച്ച മറ്റ് പഠനത്തിൽ പറയുന്നു.