ഒരിക്കൽ തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാണിരുന്ന താരമായിരുന്നു അനുഷ്ക ഷെട്ടി. തെലുങ്കിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ച നായികമാർ പൊതുവെ കുറവാണ്. അവിടെയാണ് കൈ നിറയെ സിനിമകൾ അനുഷ്‌കയെ തേടിയെത്തിയത്. എന്നാൽ കുറച്ചു കാലമായി നടി സിനിമയിൽ സജീവമായിരുന്നില്ല. ഒടുവിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ് അനുഷ്ക.
മലയാളം ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. ജയസൂര്യ നായകനാകുന്ന “കത്തനാർ” ഉടൻ തന്നെ റിലീസാകും. എന്നാൽ ഗാട്ടി എന്ന തെലുങ്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം, അനുഷ്ക തിരിച്ചുവരവ് നടത്തുമ്പോൾ ചില നായികമാർ ഇനി കരുതിയിരിക്കണമെന്നാണ് സമൂഹ മാധ്യമങ്ങൾ ഓർമപ്പെടുത്തുന്നത്.
എന്തെന്നാൽ സിനിമ ലോകത്ത് തിളങ്ങി നിൽക്കവേ ആയിരുന്നു അനുഷ്ക ഇടവേള എടുത്തത്. ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധേയയായ താരത്തിന്റെ സിനിമ ജീവിതം മാറ്റിമറിച്ചത് 2009ൽ പുറത്തിറങ്ങിയ അരുന്ധതി ആയിരുന്നു. പിന്നാലെ നായിക കഥാപാത്രത്തിന് പ്രാധാന്യമുള്ള ഒട്ടനവധി ചിത്രങ്ങൾ അനുഷ്‌കയെ തേടിയെത്തി. ബ്രഹ്‌മാണ്ഡ ചിത്രമായ രാജമൗലിയുടെ ബാഹുബലി കൂടി വമ്പൻ ഹിറ്റ് ആയതോടെ അനുഷ്‌കയുടെ പ്രശസ്തി പാൻ ഇന്ത്യ ലെവലിൽ ഉയർന്നു.
അനുഷ്ക സിനിമയിൽ ഒരിടവേള എടുത്ത സമയത്തായിരുന്നു പല നായികമാരുടെയും വളർച്ച. ഈ സമയത്താണ് നയൻതാര ലേഡി സൂപ്പർസ്റ്റാറായി മാറുന്നതും സായ് പല്ലവി, സാമന്ത തുടങ്ങിയ താരങ്ങൾക്ക് ഇന്ന് കാണുന്ന ജനപ്രീതി ലഭിക്കുന്നതും. എന്നാൽ ഈ സമയത്ത് അനുഷ്ക സിനിമയിൽ സജീവമായിരുന്നുവെങ്കിൽ ഒരുപക്ഷെ ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് തിരക്കറിയ നടിയായി മാറുമായിരുന്നു. അതിനാൽ തന്നെ നയൻതാരയെക്കാൾ കൂടുതൽ താരമൂല്യം അനുഷ്കയ്ക്ക് ഉണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അനുഷ്കയുടെ തിരിച്ചുവരവ് ബാധിക്കുക ലേഡി സൂപ്പർസ്റ്റാറിനെ തന്നെയായിരിക്കും. കാരണം നയൻതാരയ്ക്ക് മുൻപേ തന്നെ നായകനില്ലാതെ ഒറ്റയ്ക്ക് സിനിമ വിജയിപ്പിച്ച ചരിത്രം അനുഷ്കയ്ക്കുണ്ട്.