എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29 ന് കേസിൽ വിധി പറയും. ഹർജിയിൽ വാദ പ്രതിവാദങ്ങൾ മണിക്കൂറുകളോളം കേട്ടതിന് പിന്നാലെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പറയാൻ മാറ്റിയത്. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തി. മറുവശത്ത്, പ്രോസിക്യൂഷനും, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും ദിവ്യയെ കുറ്റപ്പെടുത്തികൊണ്ടുള്ള വാദങ്ങൾ നിരത്തിവച്ചു.
ദിവ്യ നടത്തിയത് വ്യക്തിഹത്യ ആണെന്നും അതേ തുടർന്ന് എഡിഎമ്മായിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പ്രോസിക്യൂഷന്റെ വാദം. ദിവ്യയുടെ പ്രസംഗം ഭീഷണി സ്വരത്തിലായിരുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നൽകിയിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളെ വിളിച്ച് ദൃശ്യങ്ങൾ പകർത്തി റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമായ ഒന്നാണ്. പിന്നീട് ദൃശ്യങ്ങൾ ചോദിച്ചു വാങ്ങിയെന്നും, രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
സ്റ്റാഫ് കൗൺസിലിൻ്റെ യോഗത്തിൽ ദിവ്യ പങ്കെടുക്കേണ്ടതില്ലായിരുന്നു. പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നു. എന്തുകൊണ്ട് അത് ചെയ്തില്ല. ഇത്തരത്തിൽ പരസ്യമായി വ്യക്തിഹത്യ ചെയ്‌താൽ ഉദ്യോഗസ്ഥരുടെ അവസ്ഥ എന്താകുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്.
ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് ഗംഗാധരൻ തന്നെയാണ് വ്യക്തമാക്കിയത്. കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ദിവ്യ ഇങ്ങനെയൊക്കെ പ്രവർത്തിക്കുകയാണെങ്കിൽ, പിന്നെ എന്തിനാണ് വിജിലൻസും പോലീസും അടക്കമുള്ള സംവിധാനങ്ങളെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
അതേസമയം, ദിവ്യയുടെ കുടുംബത്തിന്റെയും മകളുടെയും കാര്യമല്ല പിതാവിനായി അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നു നവീൻ ബാബുവിന്റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.