KeralaNewsPolitics

അൻവർ പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു; യുഡിഎഫിന് നിരുപാധിക പിന്തുണ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ അൻവറിൻ്റെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ചു. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്നും പിവി അൻവർ പ്രഖ്യാപിച്ചു. ഡിഎംകെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത് എം എ മിൻഹാജിനെയായിരുന്നു. ചേലക്കരയിൽ യുഡിഎഫ് ഡിഎംകെയ്ക്ക് പിന്തുണ നൽകിയാൽ പാലക്കാട് പിന്തുണയ്ക്കാം എന്നായിരുന്നു ആദ്യം അൻവർ സ്വീകരിച്ച നിലപാട്.

അതേസമയം ചേലക്കര മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അൻവർ വ്യക്തമാക്കി. ബിജെപി പാലക്കാട് ജയിക്കാതിരിക്കുക എന്ന ലക്ഷ്യം മുനിർത്തിയാണ് നീക്കമെന്ന് അൻവർ വ്യക്തമാക്കി. വർഗീയ ഫാസിസത്തിന് അനുകൂലമായി ഒരു ജനൽ പാളി പോലും തുറക്കരുത് എന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. അതാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കാൻ തീരുമാനിച്ചത് എന്നും പിവി അൻവർ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥിതി സ്ഫോടനാത്മകമാണെന്നും പകുതി പേരും സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എൽഡിഎഫിലേക്ക് പോയ പി സരിനും വോട്ട് ലഭിക്കില്ല. സരിന് സീറ്റ് നൽകാത്തതിൽ വിയോജിപ്പുള്ളവരുടെ വോട്ട് ബിജെപിയിലേക്ക് പോകുമെന്നും അൻവർ പറയുന്നു. ബിജെപി- സിപിഎം വിരുദ്ധ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനാണ് യുഡിഎഫിന് പിന്തുണ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് അൻവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചേലക്കരയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ കെ സുധീറിനെ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നാണ് അൻവറിൻ്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *