
1940 ഒക്ടോബർ 23, ബ്രസീൽ ഫുട്ബോൾ ലോകത്തിന് ഒരു മാന്ത്രികൻ പിറന്നു. തൻ്റെ ഒൻപതാം വയസ്സിൽ അച്ഛനോട് ഒരു കുസൃതിപോലെ ആ പയ്യൻ പറഞ്ഞു “ഒരുനാൾ ഞാൻ ബ്രസീലിനു വേണ്ടി ലോകകിരീടം നേടും” അതേ.. കേവലം ഒരു കൗമാരക്കാരൻ്റെ വാക്കുകളായി അത് ഒതുങ്ങിപ്പോയില്ല. ബ്രസീലിയൻ മഞ്ഞപ്പടയ്ക്കുവേണ്ടി 3 ലോക കീരീടങ്ങൾ വാരിക്കൂട്ടാൻ മുൻനിരയിലായിരുന്നു സാക്ഷാൽ പെലെ.
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി പിന്നീട് പെലെ മാറുന്നതും ഫുട്ബോൾ ആരാധകർ അത്ഭുതത്തോടെ നോക്കിനിന്നു. ആക്രമണ ഫുട്ബോളിൻ്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിന് കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത് എന്ന് ലോകം മുഴുവൻ വാഴ്ത്തി. ഇന്നും ബ്രസീലുകാരുടെ ഫുട്ബോൾ സുൽത്താനാണ് പെലെ. അതിലുപരി ലോകത്തിന് ഫുട്ബോൾ മന്ത്രികനും.
കറുത്തമുത്തിൻ്റെ ജീവിതം

ആയിരത്തിലേറെ ഗോളുകൾ സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തു. കൂടാതെ അഭിനയത്തിലും തൻ്റെ കഴിവ് തെളിയിച്ചു. പെലെ അഭിനയിച്ച സിനിമയാണ് “Escape to Victory” കൂടാതെ നിരവധി അഭിനയ, വാണിജ്യ സംരംഭങ്ങളും നടത്തിയിട്ടുണ്ട്. 2010 ൽ ന്യൂയോർക്ക് കോസ്മോസിൻ്റെ ഓണററി പ്രസിഡൻ്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. 2022 ഡിസംബർ 29 നായിരുന്നു പെലെ ഫുട്ബോൾ ലോകത്തോട് വിട പറഞ്ഞത്.
തൻ്റെ കരിയറിലുടനീളം ഒരു ഗെയിമിന് ശരാശരി ഒരു ഗോൾ എന്ന രീതിയിൽ മൈതാനത്ത് പന്ത് തട്ടി. കളിക്കളത്തിൽ എതിരാളികളുടെ ചലനങ്ങൾ മുൻകൂട്ടി അറിയുന്നതിനൊപ്പം രണ്ട് കാലുകളാലും പന്ത് അടിക്കുന്നതിൽ പെലെ മിടുക്കനായിരുന്നു. പ്രധാനമായും ഒരു സ്ട്രൈക്കർ ആയിരിക്കുമ്പോൾ. ഇത് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടും പാസിംഗ് കഴിവും മികച്ചതാക്കി.
കൂടാതെ എതിരാളികളെ മറികടക്കാൻ അദ്ദേഹം തൻ്റെ ഡ്രിബ്ലിംഗ് കഴിവുകളും ഉപയോഗിക്കും . ബ്രസീലിൽ, ഫുട്ബോളിലെ നേട്ടങ്ങൾക്കും ദരിദ്രരുടെ സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പെലെ എന്നും ശ്രമിച്ചിരുന്നു. ബ്രസീലുകാർ അദ്ദേഹത്തെ ഒരു ദേശീയ നായകനായും വാഴ്ത്തപ്പെട്ടു.
ബ്രസീൽ സുൽത്താൻ
1957 ജൂലൈ 7 ന് മാരക്കാനയിൽ അർജൻ്റീനയ്‌ക്കെതിരെ 2-1ന് തോറ്റതാണ് പെലെയുടെ ആദ്യ അന്താരാഷ്ട്ര മത്സരം. ആ മത്സരത്തിൽ, 16 വർഷവും ഒൻപത് മാസവും പ്രായമുള്ള അദ്ദേഹം ബ്രസീലിനായി തൻ്റെ ആദ്യ ഗോൾ നേടി,രാജ്യത്തിനായി ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന റെക്കോർഡും പെലെയ്ക്ക് സ്വന്തമായി.