തിരുവനന്തപുരം : കുതിച്ചുയർന്ന് സവാള വില. ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ സവാളയുടെ വില. ചില്ലറ വിപണിയില്‍ സവാള വില നിലവില്‍ കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ്. ദീപാവലി വരെ ഉയര്‍ന്ന വില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്തതാണ് വില വര്‍ദ്ധനവിന് പ്രധാന കാരണം. മഴ കാരണം വിളവ് നശിച്ചതും വിതരണം തടസ്സപ്പെട്ടതുമാണ് വില വര്‍ധനയിലേക്ക് നയിച്ചത്. സവാളക്ക് പുറമേ തക്കാളി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.
അതേ സമയം ഉത്സവ സീസണില്‍ സവാളവില ഉയരാൻ സാധ്യതയുണ്ടെന്നതിനാൽ കേന്ദ്രസർക്കാർ ആശങ്കയിലാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സ്റ്റോക്കില്‍ നിന്ന് സവാളയുടെ ചില്ലറ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനും ഉത്തരേന്ത്യയിലെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി നാസിക്കിനും ഡല്‍ഹിക്കും ഇടയില്‍ സവാള കൊണ്ടുപോകുന്നതിനായി ട്രെയിന്‍ സര്‍വീസും ആരംഭിച്ചിട്ടുണ്ട്.