Kerala

അന്യസംസ്ഥാനത്ത് നിന്ന് ലൈസൻസ് എടുത്തവരാണോ ; എങ്കിൽ ഇത് ഒന്നറിഞ്ഞോളൂ

തിരുവനന്തപുരം : ആന്റണി രാജുവിൽ നിന്ന് ​ഗതാ​ഗത മന്ത്രിസ്ഥാനം ഏറ്റെടുത്ത് ​ഗണേഷ് കുമാർ രം​ഗത്ത് എത്തിയതോടെ കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന പല ​ഗതാ​ഗത നിയമങ്ങളും മാറി. ജനങ്ങൾക്ക് സുരക്ഷയാണ് പ്രധാനമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മാറ്റങ്ങൾ. ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത് മുതൽ ഇരു ചക്ര വാഹനങ്ങളിൽ എത്ര പേർക്ക് യാത്ര ചെയ്യാം എന്നതടക്കം നിരവധി മാറ്റങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ഉണ്ടായത്.

മാറ്റങ്ങൾ അനിവാര്യമായിരുന്നു എങ്കിൽ പോലും സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാതെയായിരുന്നു ഇത്തരം മാറ്റങ്ങൾ എന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. ഡ്രൈവിങ്ങ് സ്കൂളുകളിൽ പലരും പഠിപ്പ് നിർത്തി സമരത്തിനിറങ്ങി. ലൈസൻസ് കിട്ടയവർക്കാണങ്കിൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പേപ്പർ പെട്ടന്ന് കിട്ടുന്നതിലും തടസ്സം നേരിട്ടു. ഇതോടെ പെട്ടെന്ന് ലൈസൻ നേടുക എന്ന ലക്ഷ്യത്തിൽ മിക്ക മലയാളികളും കണ്ട് പിടിച്ച മാർ​ഗമാണ് അന്യസംസ്ഥാനങ്ങളിൽ പോയി ലൈസൻസ് എടുക്കുക എന്നത്.

എന്നാൽ അത്തരത്തിൽ അതിബുദ്ധി കാണിച്ച മിടുക്കന്മാർക്ക് പണി വരുന്നു എന്നാണ് റിപ്പോർട്ട്. അതായത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ മലയാളികൾക്ക് ലൈസൻസ് കേരളത്തിലേക്ക് മാറ്റണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന രീതിയിൽ വാഹനം ഓടിച്ച് കാണിക്കേണ്ടി വരും എന്നാണ് സൂചന. ഇത് സംബന്ധിച്ച പുതിയ നിയമം വരാൻ പോകുന്നു എന്നാണ് വിവരം.

കേരളത്തിന് പുറത്ത് നിന്ന് വളരെ എളുപ്പത്തിൽ ലൈസൻസ് എടുക്കാൻ സാധിക്കും. ഇതിനാൽ നിരവധി പേർ കേരളത്തിന് പുറത്ത് പോയി ലൈസൻസ് എടുക്കുന്നു. ഇതിനെ തുടർന്നാണ് പുതിയ രീതി കേരളത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. ഈയിടെ സർക്കാർ ലൈസൻസ് എടുക്കുന്ന രീതി പരിഷ്‌കരിച്ചിരുന്നു. ഇതേ തുടർന്ന് ലൈസൻസ് എടുക്കുന്ന പകുതിയിലാർക്കും ലൈസൻസ് കിട്ടാത്ത അവസ്ഥയിലേക്ക് വന്നു. ടെസ്റ്റ് മാനദണ്ഡങ്ങൾ കടുപ്പിക്കുകയും ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ നിരവധി പേർ കേരളത്തിൽ നിന്ന് പുറത്തേക്ക് പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് എടുക്കാൻ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *