തിരുവനന്തപുരം: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകാൻ കേരളത്തിന് കഴിയില്ലെന്ന നിലപാടുമായി സി.പി.എം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ.
വാർഷിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറിയാണ് ഈ നിലപാട് പ്രഖ്യാപിച്ചത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയരീതിയിലുള്ള പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം പ്രതിപക്ഷ സംഘടനകളും, സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലും പരസ്യമായ സമരം നടത്തുമ്പോഴാണ് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വിരുദ്ധ നിലപാട്.
പങ്കാളിത്ത പെൻഷൻ പദ്ധതി പണം കൊടുത്തു വാങ്ങുന്ന പെൻഷനാണെന്ന് സമ്മേ ളനത്തിൽ ജനറൽ സെക്രട്ടറി അശോക് കുമാർ പറഞ്ഞു. ഇതിനെതിരേ ശക്തമായ നിലപാടാണ് ഇടതുപക്ഷ സംഘടനകൾ സ്വീകരിച്ചത്. എന്നാൽ, ഇനിയൊരു തിരിച്ചുപോക്ക് പ്രായോഗികമായി സാധ്യമല്ല. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾക്കൊന്നും അത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. എ.കെ.ജി ഹാളിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റായി പി.ഹണിയേയും ജനറൽ സെക്രട്ടറിയായി കെ.എൻ.അശോക് കുമാറിനെയും ട്രഷററായി ആർ.നിഷാ ജാസ്മിനെയും വാർഷിക സമ്മേളനം തിരഞ്ഞെടുത്തു. സിന്ധു ഗോപൻ, പ്രിയമോൾ എം.പി., നാസർ(വൈസ് പ്രസി.) എസ്.എസ്.ദീപു, നാഞ്ചല്ലൂർ ശശികുമാർ, കല്ലുവിള അജിത്ത്, പുത്തനമ്പലം ശ്രീകുമാർ (സെക്രട്ടറിമാർ) എന്നിവരെയും 369 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തിരഞ്ഞെടുത്തു.