
നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന “പണി” നാളെ മുതൽ തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയത് മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജോജു തന്നെയാണ്. ചിത്രത്തിന്റെ പ്രിവ്യൂ വീഡിയോ കണ്ടതിന് ശേഷം സംവിധായകൻ കാർത്തിക് സുബ്ബരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വൈറലായിരുന്നു. ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ് എന്നാണ് കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടതിന് ശേഷം എക്‌സിലും ഇൻസ്റ്റഗ്രാമിലും കുറിച്ചത്.

അതേസമയം, കൊറിയൻ ന്യൂ വേവ് ചിത്രങ്ങളോടു കിട പിടിക്കുന്ന ചിത്രമാണ് ജോജു ജോർജിന്റേത് എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. “മലയാള സിനിമ വീണ്ടും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുകയാണ്. ജോജു ജോർജിന്റെ പവർഫുൾ ത്രില്ലർ ഡ്രാമയായ പണിയുടെ പ്രിവ്യൂ കണ്ടു. സംവിധായകനായുള്ള അരങ്ങേറ്റം ആത്മവിശ്വാസത്തോടെയാണ് ജോജു ചെയ്തിരിക്കുന്നത്. കൊറിയൻ ന്യൂ വേവ് ചിത്രങ്ങളോടു കിട പിടിക്കുന്ന ചിത്രമാണ് പണി. ഒരിക്കലും ചിത്രം മിസ് ചെയ്യരുതെന്നും ഒക്ടോബർ 24നാണ് തിയേറ്റർ റിലീസെന്നും അനുരാഗ് കുറിച്ചത്”.