
ആണവശക്തിയുയർത്തി ഇന്ത്യ: പുതിയ അന്തർവാഹിനി റെഡി; 3,500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം വരെ തകർക്കും
ആണവ ശക്തിയുയർത്താൻ ഇന്ത്യ പുതിയ മിസൈൽ അന്തർവാഹിനിയുമായി എത്തി. ഇന്ത്യയുടെ നാലാമത്തെ ആണവ അന്തർവാഹിനിയാണ് പുറത്തിറങ്ങിയത്. വിശാഖപട്ടണം കപ്പൽ നിർമ്മാണശാലയിൽവെച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയുടെ ലോഞ്ച് നിർവഹിച്ചു.
ഇന്ത്യയിൽ തന്നെ നിർമ്മിച്ച രണ്ടാമത്തെ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ ഐഎൻഎസ് അരിഘാത് ഓഗസ്റ്റ് 29നാണ് കമ്മീഷൻ ചെയ്തിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ എസ്എസ്ബിഎൻ (അന്തർവാഹിനി) അടുത്ത വർഷം കമ്മീഷൻ ചെയ്യാനാണ് പ്രതിരോധമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്.
ഒക്ടോബർ 9ന് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ, രണ്ടെണ്ണം കൂടി നിർമ്മിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് അനുമതി നൽകുകയായിരുന്നു. ശത്രു രാജ്യങ്ങളിൽ നിന്നുള്ള ആണവ ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രാലയത്തിന് ഇത്തരമൊരു നടപടി എടുക്കേണ്ടി വന്നത്.
നാലാമത്തെ ആണവ അന്തർവാഹിനിക്ക് ട4* എന്ന കോഡ് നാമമാണ് ഇന്ത്യ നൽകിയിരിക്കുന്നത്. ഏകദേശം 75ശതമാനവും നമ്മുടെ രാജ്യത്തു തന്നെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള കെ-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.
എന്താണ് ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി?

ആണവായുധങ്ങളുൾപ്പെടെയുള്ള മാരക പ്രഹരശേഷി നിറഞ്ഞ ആയുധങ്ങൾ എത്രയും പെട്ടെന്നുതന്നെ ലക്ഷ്യത്തിലെത്തിക്കാനുള്ള ഉപകരണമാണ് ബാലിസ്റ്റിക് മിസൈൽ. ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും മൽസരിച്ച് ഗവേഷണം നടത്തി വികസിപ്പിച്ച ഈ ഉപകരണം ഇന്ന് ഇരുപതോളം രാഷ്ട്രങ്ങളുടെ കൈവശമുണ്ട്.
അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇസ്രായേൽ, ഇറ്റലി, ഇന്ത്യ, ചൈന, പാകിസ്താൻ, ഉത്തര കൊറിയ തുടങ്ങിയവയാണ് അവയിൽ പ്രധാനം. രണ്ടാം ലോകമഹായുദ്ധസമയത്ത്, ജർമ്മൻ ഗവേഷകരാണ് ആദ്യത്തെ ബാലിസ്റ്റിക് മിസൈലായ A4 (V2) വികസിപ്പിച്ചെടുത്തത്.