ഇന്ത്യ ചൈന തർക്കങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇരു രാജ്യങ്ങളുടെയും തലവന്മാർ. അതിര്‍ത്തിയിലെ സമാധാനത്തിനാണ് മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും ആശയവിനിമയം മെച്ചെപ്പടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ബ്രിക്സ് ഉച്ചകോടിക്ക് ഇടയിലാണ് രാഷ്ട്ര തലവന്മാർ കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യ ചൈന അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങൾ ധാരണയിലെത്തുന്നത് മോദി സ്വാഗതം ചെയ്തു. ഇന്ത്യ ചൈന സഹകരണം ആഗോള സമാധാനത്തിനും പുരോഗതിയ്ക്കും അനിവാര്യമാണെന്നും മോദി വ്യക്തമാക്കി. പരസ്പര വിശ്വാസവും ബഹുമാനമാണ് സഹകരണത്തിന് അടിത്തറയാകേണ്ടതെന്ന് മോദി സൂചിപ്പിച്ചു.
അതിര്‍ത്തി തർക്കം പരിഹരിക്കുന്നതിൻ്റെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിങ്ങിനായി ഇന്ത്യ ചൈന ധാരണയിലെത്തിയയിട്ടുണ്ട്. തുടര്‍ന്നാണ് കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മോദിയും ഷി ജിങ് പിന്നും കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ഭീകരവാദത്തിൻ്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഗോള സ്ഥാപനങ്ങളായ യു എന്‍ സുരക്ഷാ കൗണ്‍സില്‍, ഡവലപ്മെന്റ് ബാങ്കുകള്‍, ലോക വ്യാപാര സംഘടന എന്നിവയില്‍ പരിഷ്‌കരണങ്ങള്‍ക്കായി സമയബന്ധിതമായി നീങ്ങണമെന്നും മോദി പറഞ്ഞു.
ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിലേക്ക് യു എ ഇ, ഈജിപ്ത്, എത്യോപ്യ, ഇറാന്‍ എന്നീ നാലു പുതിയ രാജ്യങ്ങള്‍ എത്തിയശേഷം നടക്കുന്ന പ്രഥമ ഉച്ചകോടിയാണിത്. തുര്‍ക്കി, അസര്‍ബൈജാന്‍, മലേഷ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങള്‍ ബ്രിക്സില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.