
ഹുസൈനാബാദിനെ സബ് ഡിവിഷന്‍ ജില്ലയാക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ
ജാര്‍ഖണ്ഡ്: ഹരിയാനയ്ക്ക് ശേഷം ജാര്‍ഖണ്ഡും മഹാരാഷ്ട്രയും പിടിച്ചെടുക്കാന്‍ കച്ചകെട്ടി നില്‍ക്കുകയാണ് ബിജെപി. എന്നാല്‍ ജാര്‍ഖണ്ഡ് വിട്ടു കൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കോണ്‍ഗ്രസ് ജെഎഎമ്മും. ഇപ്പോഴിതാ വിചിത്രമായ ഒരു പ്രസ്താവനുമായി എത്തിയിരിക്കുകയാണ് ആസാം മുഖ്യമന്ത്രി. ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ഹുസൈനാബാദിനെ സബ് ഡിവിഷന്‍ ജില്ലയാക്കുമെന്നും ആ ജില്ലയ്ക്ക് ശ്രീരാമന്റെയോ ശ്രീകൃഷ്ണന്റെയോ പേര് നല്‍കുമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.
ഹുസൈനാബാദ് അസംബ്ലി മണ്ഡലം സ്ഥാനാര്‍ത്ഥി കമലേഷ് സിംഗിന് വേണ്ടി വോട്ട് തേടി ജാപ്ലയിലെ കര്‍പൂരി ഗ്രൗണ്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അസം മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. ഹുസൈനാബാദിനെ പ്രത്യേക ജില്ലയാക്കണമെന്നത് സിങ്ങിന്റെ ഏറെ നാളത്തെ ആഗ്രവും ആവിശ്യവുമായിരുന്നു.
ഇതിനായി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സമീപിക്കുകയും പിന്തുണ വേണമെന്ന് ആവശ്യപ്പെടുകയും സിങ് ചെയ്തിരുന്നു. എന്നാല്‍ അത് സാധ്യമാകാതെ വന്നതോടെ സിംഗ് ബിജെപിക്ക് പിന്തുണ അറിയിച്ചിരുന്നു. മതവികാരം ഉണര്‍ത്തുന്ന പ്രസ്താവനയായതിനാല്‍ തന്നെ അത്തരത്തില്‍ വോട്ട് നേടാനുള്ള ബിജെപിയുടെ കുതന്ത്രമായും ഇതിനെ കാണാം.