കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ദുൽഖർ സൽമാൻ. പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്ന ദുൽഖറിനെ പറ്റി നടൻ ജയം രവി പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ദുൽഖർ സൽമാനെ “മന്മദൻ” എന്നാണ് ജയം രവി വിശേഷിപ്പിച്ചിരിക്കുന്നത്. “ദുൽഖർ സൽമാൻ വന്നാൽ എല്ലാ പെൺകുട്ടികളും അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം വരും. ദുൽഖറിൽ ആ ഒരു കാന്തിക ശക്തിയുണ്ട്. തനിക്കും ദുൽഖറിനെ വലിയ ഇഷ്ടമാണെന്നും ജയം രവി കൂട്ടിച്ചേർത്തു”.
അതേസമയം, ഏകദേശം ഒരു വർഷത്തിന് ശേഷം ദുൽഖർ സൽമാന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് “ലക്കി ഭാസ്കർ”. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്ലർ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതായി മുന്നേറുകയാണ്. സസ്പെൻസും ത്രില്ലറും ഡ്രാമയും നിറഞ്ഞ പക്കാ എന്റർടൈനെർ തന്നെയാണ് ലക്കി ഭാസ്കറെന്ന് ട്രെയിലറിൽ നിന്ന് തന്നെ മനസിലാക്കാം. ഭാസ്കർ കുമാർ എന്ന യുവാവിന്റെ ജീവിതത്തിൽ അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. നായികയായ മീനാക്ഷി ചൗധരിയുമൊത്തുള്ള ദുൽഖറിന്റെ രംഗങ്ങളും ട്രെയിലറിന്റെ ഹൈലൈറ്റാണ്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 31-ന് ദീപാവലിക്കാണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.