പൂനെ: അടുത്ത ടെസ്റ്റിൽ ശുഭ്മാൻ ഗിൽ തിരിച്ചെത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ രാഹുലോ സർഫ്രാസോ പുറത്താകുമെന്ന സൂചനയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകുന്നത്. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിൽ സമ്പൂർണ പരാജയമായ കെ.എൽ രാഹുലിന് രണ്ടാം ടെസ്റ്റിൽ ഇടം ലഭിക്കുമോയെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ താരത്തെ പിന്തുണച്ച് പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തി.
പരിക്ക് മാറി ശുഭ്മൻ ഗിൽ തിരിച്ചെത്തുന്നതും ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സർഫറാസ് ഖാൻ 150 റൺസടിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ സ്ഥാനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ച തുടങ്ങിയത്.
‘ഒന്നാമതായി, സോഷ്യൽ മീഡിയ ഒരു പ്രശ്നമല്ല. സമൂഹ മാധ്യമങ്ങളുടെയോ വിദഗ്ധരുടെയോ അഭിപ്രായം പരിഗണിച്ച് കളിക്കാരെ തെരഞ്ഞെടുക്കുന്നില്ല. ടീം മാനേജ്മെന്റ് എന്താണ് ചിന്തിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. ആത്യന്തികമായി, എല്ലാവരും വിലയിരുത്തപ്പെടുന്നു. എല്ലാവരുടെയും പ്രകടനം വിലയിരുത്തും’ -രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ ഗംഭീർ പറഞ്ഞു.
‘അവൻ ശരിക്കും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. കാൺപൂരിൽ മാന്യമായ പ്രകടം നടത്താൻ അവന് സാധിച്ചു. ബുദ്ധിമുട്ടുള്ള ഒരു വിക്കറ്റിൽ, പ്ലാൻ അനുസരിച്ച് കളിച്ചു. വലിയ റൺസ് നേടണമെന്ന് രാഹുലിന് ബോധ്യമുണ്ടാകും. അത് നേടാനുള്ള കഴിവ് അവനുണ്ട്. അതിനാലാണ് ടീം മാനേജ്‌മെന്റ് അവനെ പിന്തുണക്കുന്നത്’ -ഗംഭീർ കൂട്ടിച്ചേർത്തു.