
7500 കിലോ ബോംബുമായി അഗ്നി-5 ബങ്കർ ബസ്റ്റർ: ചൈനയുടെയും പാകിസ്താന്റെയും നെഞ്ചിൽ തീ കോരിയിട്ട് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗത്ത് നിർണായകമായ പുതിയ ചുവടുവെപ്പ്. ശത്രുരാജ്യങ്ങളിലെ അതീവ സുരക്ഷിതമായ ഭൂഗർഭ ബങ്കറുകൾ തകർക്കാൻ ശേഷിയുള്ള ‘ബങ്കർ ബസ്റ്റർ’ ഗണത്തിൽപ്പെട്ട പുതിയ മിസൈൽ ഇന്ത്യ വികസിപ്പിക്കുന്നു. അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ (Agni-5 intercontinental ballistic missile) നവീകരിച്ച പതിപ്പാണിത്. 7500 കിലോഗ്രാം ഭാരമുള്ള കൂറ്റൻ വാർഹെഡ് വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ, ഇന്ത്യയുടെ സൈനിക ശേഷിയിൽ വലിയ കുതിച്ചുചാട്ടമാകും.
അടുത്തിടെ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ജിബിയു-57 എന്ന കൂറ്റൻ ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും തദ്ദേശീയമായി സമാനമായ ആയുധം വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടിയത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) നേതൃത്വത്തിലാണ് മിസൈൽ നിർമ്മാണം.
പ്രഹരശേഷി അതിഭീകരം
അഗ്നി-5 ന്റെ പുതിയ പതിപ്പ് ആണവ വാഹകശേഷിയുള്ളതല്ല. പകരം, പരമ്പരാഗത സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്ന ഒന്നായിരിക്കും. 80 മുതൽ 100 മീറ്റർ വരെ കോൺക്രീറ്റ് തുരന്ന് ഭൂമിക്കടിയിലെത്തി സ്ഫോടനം നടത്താൻ ഇതിന് സാധിക്കും. ശത്രുരാജ്യങ്ങളുടെ കമാൻഡ് കൺട്രോൾ സെന്ററുകൾ, മിസൈൽ സംഭരണ കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ മറ്റ് സൈനിക കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചാണ് ഈ മിസൈൽ നിർമ്മിക്കുന്നത്.
അമേരിക്കൻ മോഡലിനേക്കാൾ മികച്ചത്
അമേരിക്കയുടെ ജിബിയു-57, ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നറിയപ്പെടുന്ന ജിബിയു-43 എന്നിവ ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. എന്നാൽ ഇന്ത്യയുടെ ബങ്കർ ബസ്റ്റർ മിസൈൽ രൂപത്തിലായതിനാൽ കൂടുതൽ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും ശത്രുക്കൾക്ക് കണ്ടെത്താൻ പ്രയാസമുള്ള മാർഗ്ഗത്തിലും പ്രയോഗിക്കാൻ സാധിക്കും.
പുതിയ അഗ്നി-5 ന് രണ്ട് വകഭേദങ്ങളുണ്ടാകും. ഒന്ന്, അന്തരീക്ഷത്തിൽ വെച്ച് സ്ഫോടനം നടത്തി വലിയൊരു പ്രദേശത്ത് നാശം വിതയ്ക്കുന്നതും, മറ്റൊന്ന് ഭൂമിക്കടിയിലേക്ക് തുളച്ചുകയറി ബങ്കറുകൾ തകർക്കുന്നതും. എട്ട് ടൺ വരെ ഭാരമുള്ള വാർഹെഡുകൾ വഹിക്കാൻ ഇതിന് സാധിച്ചേക്കും, ഇത് ലോകത്തിലെ തന്നെ ഏറ്റവും ശക്തിയേറിയ പരമ്പരാഗത വാർഹെഡുകളിലൊന്നായി ഇതിനെ മാറ്റും.
2500 കിലോമീറ്റർ ആയിരിക്കും ഇതിന്റെ ദൂരപരിധിയെങ്കിലും, മാക് 8 മുതൽ മാക് 20 വരെയുള്ള ഹൈപ്പർസോണിക് വേഗതയും കൃത്യതയും ഇതിനെ അതീവ അപകടകാരിയായ ആയുധമാക്കി മാറ്റുന്നു.
പാകിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാൻ ഇത് ഇന്ത്യക്ക് കൂടുതൽ കരുത്തേകും. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ സ്വാശ്രയത്വത്തിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ഈ മിസൈൽ വികസനം മാറും.