ലോക രാഷ്ട്രങ്ങളെല്ലാം ബ്രിക്സ് ഉച്ചകോടിയുടെ ചർച്ചയിലാണ്. ബ്രിക്സ്ന്റെ വേദിയിൽ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത് എന്നറിയാൻ ആകാംക്ഷയിലാണ് അയാൾ രാജ്യങ്ങളെല്ലാം. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ചയും ഉഭയകക്ഷി ചർച്ചയും നടത്തി.
“നമ്മുടെ ബന്ധം ശക്തമാണെന്നാണ് ഞാൻ കരുതുന്നത്. പരിഭാഷയില്ലാതെ തന്നെ ഞാൻ പറയുന്നത് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും”, പുടിന്റെ വാക്കുകൾ കേട്ടതും മോദി ചിരിച്ചു. ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവരും അത് കേട്ട് ചിരിച്ചു.
“കഴിഞ്ഞ മൂന്ന് മാസമായി റഷ്യ സന്ദർശിക്കുന്നതിനാൽ ഞങ്ങളുടെ ആഴത്തിലുള്ള സൗഹൃദവും എല്ലാ മേഖലകളിലുമുള്ള ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തിയെന്നും” മോദി മറുപടി നൽകി.
റഷ്യയിലെ സാംസ്കാരിക നഗരമായ കസാനിൽ ചൊവ്വാഴ്ച ഉച്ചക്കാണ് നരേന്ദ്രമോദി എത്തിയത്. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ചൈനീസ് പ്രധാനമന്ത്രി ഷീ ജിൻ പിങുമായി കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്.
നിയന്ത്രണരേഖയിലെ സേന പിൻമാറ്റം, പട്രോളിങ് എന്നീ വിഷയങ്ങളിൽ ധാരണയിലെത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള മോദി-ഷി ജിൻ പിങ് ചർച്ച പ്രസക്തമാകുന്നത്. മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.