കേരളക്കര കഴിഞ്ഞ ഒരാഴ്ചയായി ചർച്ച ചെയ്യുന്നത് കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണമാണ്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിച്ചുകളി തുടരുകയാണ് പോലീസ്. ആരോപണ വിധേയയായ പി പി ദിവ്യയെയും അതിനു പിന്നിലുണ്ടെന്ന് കരുതപ്പെടുന്നവരെയും രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ അന്വേഷണത്തില്‍ മെല്ലെ പോക്ക് തുടരുകയാണ് പോലീസ്. എന്തായാലും ഉപതിരഞ്ഞെടുപ്പ് കഴിയും വരെ നവീന്‌റെ കുടുംബത്തിനൊപ്പമാണെന്ന പ്രതീതി ജനിപ്പിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവീന്‍ ബാബുവിന്റെ മരണം എപ്പോഴാണ് നടന്നതെന്ന് സംബന്ധിച്ച് പോലീസിന് ഇനിയും വ്യക്തതയില്ല.
കൂടാതെ പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചുള്ള ടി വി പ്രശാന്തിന്‍റെ പരാതിയിൽ അടിമുടി ദുരൂഹത തുടരുകയാണ്. പരാതി വ്യാജം എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. എഡിഎമ്മിന്‍റെ മരണശേഷം തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങൾ തയ്യാറാക്കിയ പരാതി ആണോ ഇതെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങൾ പ്രശാന്തന്‍റെ അറിവോടെ വ്യാജ ഒപ്പിട്ട് പരാതി തയാറാക്കി എന്നാണ് സൂചന. എന്തായാലും പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരത്തെ നൽകിയ പരാതിയെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്.
പരാതി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുത്തുവെന്നതിൽ പ്രചരിപ്പിക്കുന്നതിന് തയ്യാറാക്കിയ പരാതിയെന്ന നിലയിലാണ് സംശയങ്ങൾ ഉയരുന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പ്രശാന്ത് ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല എന്നത് വേറെ കാര്യം. കൂടാതെ വ്യാജ പരാതിയെ കുറിച്ച് ഇത് വരെ ഒരന്വേഷണവും പോലീസ് നടത്തിയിട്ടില്ല. അതേസമയം, എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയേക്കും. പെട്രോൾ പമ്പിന് എൻഒസി ബോധപൂർവ്വം വൈകിപ്പിച്ചു എന്നതിന് ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. എഡിഎം നവീൻ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ ഇതുവരെ മൊഴി കൊടുത്തിട്ടില്ല.
മൊഴി നൽകാൻ കാലതാമസം തേടുകയാണ് ചെയ്തിരിക്കുന്നത്. എഡിഎം നിയമ നിയമയുക്തമായാണ് പമ്പിന്‍റെ കാര്യത്തിൽ ഇടപെട്ടത് എന്നാണ് ഇതുവരെ മൊഴികൾ ലഭിച്ചിരിക്കുന്നത്. ഇതിനിടെ, എംഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസിൽ നിന്ന് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം ഇന്ന് ആരംഭിക്കും. മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്‍റ് ഡയറക്ടർക്ക് മുൻപാകെ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രശാന്തിന് ഇന്നലെ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നോട്ടീസ് നൽകിയിരുന്നു. ഇലക്ട്രീഷ്യനായ പ്രശാന്തിനെ പുറത്താക്കുന്നതിൽ ആരോഗ്യവകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്.