തെലുങ്ക് സിനിമ ലോകത്തെ മിന്നും താരമാണ് പ്രഭാസ്. വെങ്കിട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്ന പ്രഭാസ് ഇന്ന് നാല്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു.സൂര്യനാരായണ രാജുവിൻ്റെയും ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനായി മദ്രാസിൽ ജനനം. ഭീമവരത്തെ ഡിഎൻആർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്ന് ബി.ടെക് ബിരുദവും പ്രഭാസ് നേടിയിട്ടുണ്ട്.
തെലുങ്ക് ചലച്ചിത്ര രംഗത്ത് ‘ദി യങ്ങ് റിബൽ സ്റ്റാർ’ എന്നറിയപ്പെടുന്ന പ്രഭാസ് 2002-ൽ പുറത്തിറങ്ങിയ ‘ഈശ്വർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. പിന്നീട് ‘വർഷം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബെസ്റ്റ് യങ്ങ് പെർഫോമർ അവാർഡ് പ്രഭാസിനെ തേടിയെത്തി. 2015-ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബാഹുബലിയാണ് പ്രഭാസിന്റെ സിനിമ ജീവിതം മാറ്റി മറിച്ചത്.
അതിന് മുന്‍പ് കരിയറില്‍ ഒരു 100 കോടി ചിത്രം പോലും ഇല്ലാതിരുന്ന പ്രഭാസിന് ബാഹുബലി 1 നല്‍കിയത് 650 കോടിയുടെ കളക്ഷനാണ്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ പണച്ചെലവുള്ള ചിത്രങ്ങള്‍ പ്രഭാസിനെ മുന്‍നിര്‍ത്തിയാണ് ഒരുങ്ങുന്നത്. ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളും അദ്ദേഹം തന്നെ. പ്രഭാസിന്‍റെ കരിയറിലേക്ക് ആകെ മൊത്തം കണ്ണോടിച്ചാല്‍ കൗതുകകരമായ ചിലത് നമുക്ക് കാണാൻ കഴിയും. പ്രഭാസ് ആകെ അഭിനയിച്ചവയില്‍ 36 ശതമാനം ചിത്രങ്ങളും നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയവയാണ്.
കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്ന 2003 ല്‍ പുറത്തെത്തിയ രാഘവേന്ദ്ര മുതല്‍ 2023 ല്‍ പുറത്തെത്തിയ ആദിപുരുഷ് വരെ 8 പരാജയ ചിത്രങ്ങൾ പ്രഭാസിനുണ്ട്. 100, 200, 300 കോടി ക്ലബ്ബുകളിലേക്കൊന്നും കയറാതെ നേരിട്ട് 600 കോടി ക്ലബ്ബിലെത്താൻ ഭാഗ്യം സിദ്ദിച്ച നടനാണ് പ്രഭാസ്. എട്ട് ചിത്രങ്ങള്‍ പരാജയമാണെങ്കില്‍ 7 ചിത്രങ്ങള്‍ 100 കോടിയുടെ കവാടം കടന്ന് പോയവയുമാണ്.
ബാഹുബലി വരുന്നതിന് തൊട്ടുമുന്‍പ് ഇറങ്ങിയ മിര്‍ച്ചി ആയിരുന്നു അതിന് മുന്‍പ് പ്രഭാസിന്റെ ഏറ്റവും വലിയ കളക്ഷന്‍. 80 കോടിയാണ് 2013 ല്‍ പുറത്തിറങ്ങിയ ചിത്രം നേടിയത്. ബാഹുബലി 1 (650 കോടി), ബാഹുബലി 2 ( 1810 കോടി). സാഹൊ (405 കോടി), രാധേ ശ്യാം (214 കോടി), ആദിപുരുഷ് (350 കോടി), സലാര്‍ (720 കോടി), കല്‍ക്കി ( 800 കോടി) എന്നിവയാണ് 100 കോടി എന്ന ബോക്സ് ഓഫീസിലെ പ്രാഥമിക നേട്ടം മറികടന്ന് മുന്നോട്ട് പോയ പ്രഭാസ് ചിത്രങ്ങള്‍.
ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമായിട്ടാണ് പ്രഭാസ് മാറിയിരിക്കുന്നത്. ഹിന്ദിയില്‍ ഷാരൂഖ് ഖാനെയും, തെലുങ്കില്‍ അല്ലു അര്‍ജുനെയും, മഹേഷ് ബാബുവിനെയുമെല്ലാം മറികടന്നാണ് പ്രഭാസിന്റെ മുന്നേറ്റം. കല്‍ക്കിക്ക് പുറമേ നേരത്തെ സലാര്‍ വമ്പന്‍ ഹിറ്റായതും പ്രഭാസിന് നേട്ടമായി മാറിയിട്ടുണ്ട്. ആദ്യ ദിനത്തില്‍ തന്നെ നൂറ് കോടി നേടിയ അഞ്ച് ചിത്രങ്ങളാണ് പ്രഭാസിനുള്ളത്. നിലവില്‍ നൂറ് മുതല്‍ 200 കോടി വരെയാണ് പ്രഭാസിന്റെ പ്രതിഫലം. ഇന്ത്യൻ സിനിമയുടെ ബാഹുബലിക്ക് മലയാളം മീഡിയ. ലൈവിന്റെ പിറന്നാൾ ആശംസകൾ.