ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രമാണ് “ലക്കി ഭാസ്കർ”. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്ലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി മുന്നേറുകയാണ്. 25 ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ ട്രെയ്‌ലർ കണ്ടിരിക്കുന്നത്.
സസ്‌പെൻസും ത്രില്ലറും ഡ്രാമയും നിറഞ്ഞ പക്കാ എന്റർടൈനെർ തന്നെയാണ് ലക്കി ഭാസ്‌കറെന്ന് ട്രെയിലറിൽ നിന്ന് തന്നെ മനസിലാക്കാം. ഭാസ്കർ കുമാർ എന്ന യുവാവിന്റെ ജീവിതത്തിൽ അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. നായികയായ മീനാക്ഷി ചൗധരിയുമൊത്തുള്ള ദുൽഖറിന്റെ രംഗങ്ങളും ട്രെയിലറിന്റെ ഹൈലൈറ്റാണ്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 31-ന് ദീപാവലിക്കാണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.