തിരുവനന്തപുരം : മേയർ ഡ്രൈവർ തർക്കത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്. ഡ്രൈവറായ യദുവിന്റെ ഹർജികളെല്ലാം മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയുള്ളതെന്ന ന്യായീകരണമാണ് ഇത്തവണ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രശ്നമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി എന്തെന്ന് വ്യക്തമാകാത്തതിനെ തുടർന്ന് ഡ്രൈവർ നൽകിയ ഹർജിയിലാണ് പോലീസ് യദുവിനെതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
യദുവിന്റെ പരാതിയിൽ പറഞ്ഞിട്ടുള്ള മേയർ ഉൾപ്പെടെ അഞ്ച് പേരെയും തിരിച്ചറിഞ്ഞു , എല്ലാവരുടേയും മൊഴി എടുത്തു എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് മൂന്നാം നമ്പർ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം സംഭവം നടന്നിട്ട് മാസങ്ങളായെങ്കിലും കൃത്യമായൊരു നടപടിയുണ്ടാകാത്തതിന്റെ ആശങ്കയിലാണ് ഡ്രൈവർ യദു. മേയര്‍ ആര്യാ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ പൊലീസ് മെല്ലപ്പോക്കു നടത്തുന്നതിൽ യദുവിന് അതൃപ്തിയുണ്ട്.