
സ്പാനിഷ് ലീഗിലെ മത്സരങ്ങൾ മുറുകുകയാണ്. പോയിൻ്റ് ടേബിളിൽ മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ചാമ്പ്യന്മാർ പിന്നിലാവുന്നത്. ബാഴ്സ- സെവിയ്യ മത്സരത്തിൽ ആവർത്തിച്ചതും അത് തന്നെയാണ്. പതിനൊന്ന് മാസങ്ങൾക്കുശേഷമാണ് ബാർസൺ പ്ലയെർ പാബ്ലോ മാർട്ടിൻ ഗാവി തിരിച്ചെത്തുന്നത്. പ്രിയ താരത്തിൻ്റെ തിരിച്ചുവരവിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബാർസൻ ടീം ആഗ്രഹിക്കില്ല.
സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ സെവിയ്യയെ 5-1ന് തകർത്താണ് ബാഴ്‌സ യുവതാരത്തിൻ്റെ തിരിച്ചുവരവിനെ ആഘോഷിച്ചത്. ജയത്തോടെ ഒന്നാംസ്ഥാനത്ത് ലീഡുയർത്തി. ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെക്കാൾ മൂന്ന് പോയിൻ്റ് മുന്നിലാണ് ബാഴ്സ ഇപ്പോൾ. പത്ത് കളിയിൽ ഒമ്പതും ജയിച്ചാണ് ഹാൻസി ഫ്‌ളിക്കും സംഘവും ലീഗിൽ കുതിക്കുന്നത്. തുടർച്ചയായ മൂന്നാംമത്സരത്തിലാണ് ഇടവേളയ്‌ക്കുമുമ്പ് മൂന്ന് ഗോൾ നേടുന്നത് എന്ന നേട്ടവും ഈ വിജയത്തിന് പിന്നിലുണ്ട്.
മൂന്നാമൻ ലെവൻഡോസ്‌കി

സെവിയ്യക്കെതിരെ ബാഴ്സ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ഇരട്ടഗോൾ നേടി. പോളണ്ടുകാരന് ഇതുവരെ 12 കളിയിൽ 14 ഗോളായി. അവസാന ആറ് കളിയിൽ 10 ഗോൾ. യൂറോപ്യൻ ലീഗിലെ ഏറ്റവും മികച്ച ഗോളടിക്കാരിൽ മൂന്നാമനായി മുപ്പത്താറുകാരൻ. ജിമ്മി ഗ്രീവ്‌സിന്റെ 366 ഗോളിനൊപ്പമാണ് എത്തിയത്. റൊണാൾഡോയും (495) ലയണൽ മെസിയുമാണ് (496) മുന്നിൽ.
ഇരുപത്തൊന്നുകാരൻ പാബ്ലോ ടോറെയും ഇരട്ടഗോളടിച്ചു. ഒരെണ്ണം പെഡ്രിയുടെ പേരിലാണ്. പകരക്കാരനായെത്തി അവസാനനിമിഷമാണ് ടോറെ മിന്നിയത്. കളി തീരാൻ ഏഴ് മിനിറ്റ് ശേഷിക്കെ പെഡ്രിക്ക് പകരക്കാരനായാണ് ഗാവി കളത്തിലെത്തിയത്. കാലിനേറ്റ പരിക്കുകാരണം 336 ദിവസമാണ് ഇരുപതുകാരൻ പുറത്തിരുന്നത്. കഴിഞ്ഞ നവംബറിൽ ജോർജിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു സ്‌പാനിഷുകാരന് പരിക്കേറ്റത്.
പെനൽറ്റിയിലൂടെയായിരുന്നു ബാഴ്‌സയുടെ ആദ്യഗോൾ. റഫീന്യയെ ഫെർണാണ്ടസ് ബോക്‌സിൽ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. ലെവൻഡോവ്‌സ്‌കിക്ക് ലക്ഷ്യം തെറ്റിയില്ല. നാല് മിനിറ്റിനുള്ളിൽ പെഡ്രിയുടെ ഗോളെത്തി. ലമീൻ യമാൽ അവസരമൊരുക്കി. ആദ്യപകുതി അവസാനിക്കുംമുമ്പ് ലെവൻഡോവ്‌സ്‌കി ഇരട്ട തികച്ചു.