
മഴ ശക്തമാകും; ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്നും വരും ദിവസങ്ങളിലും ചില ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇത്.
തിങ്കളാഴ്ച മലബാറിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ബാധകം. കൂടാതെ, നാല് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
അതേസമയം, തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കലിൽ സജീവമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച അവസാനത്തോടെ കാലവർഷം കേരളത്തിലെത്താൻ സാധ്യതയെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായും വകുപ്പ് വ്യക്തമാക്കി.