ഭുവനേശ്വര്‍: ഒക്ടോബര്‍ 23ന് എത്തുന്ന ചുഴലിക്കാറ്റിനെ നേരിടാന്‍ വന്‍ സന്നാഹങ്ങളാണ് ഒഡീഷ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ആഘാതം കുറയ്ക്കാന്‍ യുദ്ധകാലടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. 250 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനായി പ്രവ്രര്‍ത്തിക്കുന്നത്. 500 താല്‍ക്കാലിക ഷെല്‍ട്ടറുകളും തുറന്നിട്ടുണ്ട്. ക്യാമ്പില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുകയും മെഡിക്കല്‍ സേവനങ്ങളും നല്‍കും.
ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന പ്രായമായവരും സ്ത്രീകളും കുട്ടികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വനിതാ പൊലീസുകാരെ വിന്യസിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആവിശ്യമായ ഭക്ഷ്യ വസ്തുക്കള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
ഗര്‍ഭിണികള്‍ക്ക് ഏത് സമയവും സഹായവുമായി മെഡിക്കല്‍ സംഘമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറും. ഇത് ഒഡീഷയില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.