
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ സി പി എം സർവീസ് സംഘടനയിൽ പിടി മുറുക്കി മന്ത്രി മുഹമ്മദ് റിയാസ്. കടുത്ത വിഭാഗിയതയെ തുടർന്ന് നീട്ടി വച്ചിരുന്ന സംഘടന വാർഷിക സമ്മേളനം ഇന്നും നാളെയും ആയി നടക്കുകയാണ്. പ്രസിഡണ്ട് ഹണിയുടെയും ജനറൽ സെക്രട്ടറി അശോക് കുമാറിൻ്റെയും നേതൃത്വത്തിൽ രണ്ട് ചേരികളിലായി സംഘടന സംവിധാനം രൂക്ഷമായ പോരിലായതാണ് വാർഷിക സമ്മേളനം വൈകാൻ കാരണം.
ആക്രി കച്ചവടത്തിലെ അഴിമതി മുതൽ പലതും ഹണിക്കെതിരെ ആരോപിക്കപ്പെട്ടു. ഇതോടെ ഹണി മാറട്ടെന്നായി ഗോവിന്ദൻ. അടുത്ത വർഷം ഒക്ടോബറിൽ ഹണി വിരമിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ സംവിധാനം വരട്ടെയെന്നായി ഗോവിന്ദൻ. രണ്ട് കൂട്ടരെയും ഗോവിന്ദൻ ചർച്ചക്ക് വിളിച്ചെങ്കിലും ഹണി പക്ഷം ഒത്ത് തീർപ്പിന് തയ്യാറായില്ല. ഇതോടെ പ്രകോപിതനായി ഗോവിന്ദൻ യോഗത്തിൽ നിന്ന് ഇറങ്ങി പോയി.
അശോക് കുമാർ ഉൾപ്പെടെയുള്ള 20 പേർ മാറി നിൽക്കണം എന്നായിരുന്നു ഹണിയുടെ ആവശ്യം. തുടർന്ന് ഹണി മന്ത്രി ശിവൻകുട്ടിയുടെ സഹായം തേടി. ശിവൻകുട്ടി റിയാസ് വഴി പിണറായിയെ കാര്യങ്ങൾ ധരിപ്പിച്ചു. ഒരു വർഷം കൂടി ഹണി പ്രസിഡണ്ടായി ഇരിക്കട്ടെ എന്ന പിണറായി കൽപന ഗോവിന്ദന് ലഭിച്ചു. ഇതോടെ ഗോവിന്ദൻ സ്വാഹ!!
ഇരു വിഭാഗങ്ങളും അധികാരത്തിന് വേണ്ടി തല്ലുമാല നടത്തുമ്പോൾ ജീവനക്കാരൻ്റെ അവസ്ഥ കഷ്ടത്തിലാണ്. കാലാകാലങ്ങളിൽ ഭരിക്കുന്ന കക്ഷിയുടെ സംഘടനയുടെ സ്വാധിനത്തിൽ ക്ഷാമബത്ത കൃത്യമായി അനുവദിച്ചിരുന്നു. എന്നാൽ ഇന്ന് 22 ശതമാനം ക്ഷാമബത്ത കുടിശിക ആയിട്ടും ചെറുവിരൽ അനക്കാൻ ഇവർക്കാവുന്നില്ല. ശമ്പള പരിഷ്കരണ കമ്മീഷനെ വയ്ക്കാൻ പോലും കഴിഞ്ഞിട്ടില്ല. ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനത്ത് ആണ് കേരളം. ഇത് വാങ്ങിച്ചെടുക്കേണ്ട ഭരണാനുകൂല സംഘടന നേതാക്കൾ ആകട്ടെ കസേര പിടിക്കാനുള്ള ഓട്ടത്തിലും .