
കോടികൾ ശമ്പളം വാങ്ങുന്ന കിഫ്ബി CEO
സഭ സമ്മേളനത്തിൽ നിയമസഭ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്ത ധനമന്ത്രിയാണ് കെ.എൻ. ബാലഗോപാൽ. ബാലഗോപാലിനെതിരെ ഇത് സംബന്ധിച്ച നിരവധി പരാതികൾ പ്രതിപക്ഷം സ്പീക്കർക്ക് നൽകിയിരുന്നു. ഷംസീർ പതിവ് പോലെ റൂളിംഗ് നടത്തുമെങ്കിലും മന്ത്രി ബാലഗോപാൽ ഇതൊന്നും മൈൻഡ് ചെയ്യാറില്ല എന്നതാണ് ചരിത്രം. സഭ സമ്മേളനം കഴിഞ്ഞ് ബാലഗോപാൽ തനിക്ക് താൽപര്യമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകും. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല.
ധനവകുപ്പിൻ്റെ മന്ത്രി ബാലഗോപാൽ ആണെങ്കിലും ഭരിക്കുന്നത് കെ.എം. എബ്രഹാമാണ് എന്നത് പരസ്യമായ രഹസ്യം. കെ.എം. എബ്രഹാമിൻ്റെ ശമ്പളവും ആനുകൂല്യങ്ങളും എത്രയെന്ന് കെ. ബാബു എം.എൽ.എ ധനമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. കെ എം എബ്രഹാമും ആയി നീരസത്തിലുള്ള ധനമന്ത്രി ഇപ്പോള്‍ ആ അരമന രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ്. സംസ്ഥാന ഭരണത്തിലെ കിരീടം വെയ്ക്കാത്ത രാജാവായ കെ.എം എബ്രഹാമിന് 2.73 കോടി ഖജനാവിൽ നിന്ന് നൽകിയെന്ന് കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ.എം എബ്രഹാമിന് ശമ്പളവും അലവൻസുകളുമായി 2,73,23,704 രൂപ നൽകിയിട്ടുണ്ടെന്നാണ് ധനമന്ത്രിയുടെ മറുപടി. 5 തവണ കെ.എം എബ്രഹാമിൻ്റെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചുണ്ടെന്നും ബാലഗോപാൽ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയായി വിരമിച്ച കെഎം എബ്രഹാം 2018 ൽ ആണ് കിഫ്ബി സി. ഇ. ഒ ആകുന്നത്. 2.75 ലക്ഷം രൂപയായിരുന്നു തുടക്കത്തിലെ ശമ്പളം.
പിന്നീട് 2019 ജനുവരിയിൽ 27,500 രൂപയും 2020 ൽ 27,500 രൂപയും 2022 ൽ 19,250 രൂപയും 2023 ൽ 19,250 രൂപയും 2024 ഏപ്രിൽ മാസത്തിൽ 19,250 രൂപയും ആണ് വർദ്ധിപ്പിച്ചത്. നിലവിൽ കെ.എം എബ്രഹാമിൻ്റെ ശമ്പളം 3,87,750 രൂപയാണെന്നും ബാലഗോപാൽ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് ലീവ് സറണ്ടർ കിട്ടാക്കനി ആകുമ്പോൾ എബ്രഹാമിന് ലീവ് സറണ്ടറും കിട്ടുന്നുണ്ട് എന്നതാണ് വിരോധാഭാസം. 6,84, 750 രൂപ എബ്രഹാമിന് ലീവ് സറണ്ടറായി ലഭിച്ചു. ഉത്സവ ബത്തയായി 19, 250 രൂപയും ലഭിച്ചു.
പുനർ നിയമനം നൽകിയതും ഐ എ എസിൽ നിന്ന് വിരമിച്ചതുമായ 4 ഉദ്യോഗസ്ഥർ കിഫ്ബിയിൽ ജോലി ചെയ്യുന്നുണ്ടെന്നും കെ. ബാബു എംഎൽഎ യുടെ ചോദ്യത്തിന് ബാലഗോപാൽ മറുപടി നൽകി. ചീഫ് സെക്രട്ടറി തസ്തികയിലെ പെൻഷനായ 2.50 ലക്ഷവും എബ്രഹാമിന് ശമ്പളം കൂടാതെ ലഭിക്കുന്നുണ്ട്. ശമ്പളവും പെൻഷനും അടക്കം 6.37 ലക്ഷം രൂപ എബ്രഹാം പ്രതിമാസം കൈ പറ്റുന്നു എന്ന് വ്യക്തം. എബ്രഹാമിനെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടതിനാൽ ബാലഗോപാലിൻ്റെ കസേരയുടെ ആയുസ് എത്ര നാൾ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കാരണം പിണറായിക്ക് മാത്രമല്ല ക്ലിഫ് ഹൗസിനും വേണ്ടപ്പെട്ടവനാണ് കെ.എം. എബ്രഹാം.