വിരമിച്ചത് 122 പേർ; പിഎസ്‌സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്തത് 83 മാത്രം! പ്രമോഷനും നടക്കുന്നില്ല; തൻ്റെ ധന ഭരണത്തെ കുറിച്ച് കെ.എൻ ബാലഗോപാൽ
ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2021 മുതൽ 2024 വരെ ധനകാര്യ വകുപ്പിൽ നിന്ന് 122 പേരാണ് വിരമിച്ചതെന്നും ഇതിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത് 83 ഒഴിവുകളാണെന്നും ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. 39 ഒഴിവുകൾ പി.എസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ഇതോടെ വ്യക്തം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആണ് ബാലഗോപാലിനോട് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. 2021 ൽ 18 ഒഴിവുകളും 2022 ൽ 28 ഒഴിവും 2023 ൽ 17 ഒഴിവും 2024 ൽ 20 ഒഴിവും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ബാലഗോപാലിന്റെ മറുപടി. സെക്ഷൻ ഓഫീസർ മുതൽ സ്‌പെഷ്യൽ സെക്രട്ടറി വരെ 2021 മുതൽ 2024 വരെ 91 ജീവനക്കാർ വിരമിച്ചെങ്കിലും സെക്ഷൻ ഓഫിസർ തസ്തികയിലേക്ക് സ്ഥാനകയറ്റം നൽകിയത് 83 പേർക്ക് മാത്രം.
പ്രൊമോഷനും ധനവകുപ്പിൽ നടക്കുന്നില്ല എന്ന് ഇതോടെ വ്യക്തം. കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ മുഖേന 4 നിയമനങ്ങളാണ് നടന്നത്. സി.എ തസ്തികകളിൽ ബൈ ട്രാൻസ്ഫർ നിയമനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും ബാലഗോപാൽ വ്യക്തമാക്കി.