
വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രിയങ്ക ഗാന്ധി വരുന്നത് ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും ഒപ്പമുണ്ടാവും. ഗാന്ധി കുടുംബം മൊത്തം വയനാട്ടിലെത്തുന്ന സാഹചര്യത്തില്‍ പരിപാടികള്‍ ഗംഭീരമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെത്തും.
പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് വയനാട്ടിലേത്. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇടതുമുന്നണിയും, ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മത്സരം സജീവമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ പങ്കെടുക്കും. സിദ്ധരാമയ്യ അടക്കം എത്തുമെന്നാണ് സൂചന.
പതിനായിരങ്ങളെ അണിനിരത്തി മണ്ഡലത്തില്‍ ആവേശം പകരാനാണ് യുഡിഎഫ് നീക്കം. ഇന്ന് വൈകിട്ടോടെയാണ് പ്രിയങ്ക വയനാട്ടിലെത്തുക. എന്നാല്‍ റോഡ് ഷോ നടക്കുന്നത് നാളെയായിരിക്കും. ലീഗിന്റെ പതാക റോഡ് ഷോയില്‍ ഉപയോഗിക്കുമോ എന്ന ചര്‍ച്ചയും ഒരു വശത്ത് നടക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ഉത്തരേന്ത്യയില്‍ ബിജെപി പ്രചാരണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ലീഗിന്റെ പതാക ഒഴിവാക്കിയിരുന്നു. സമാന രീതി തുടരാനും സാധ്യതയുണ്ട്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അടക്കം നടക്കാനുള്ളതിനാല്‍ കോണ്‍ഗ്രസ് റിസ്‌ക് എടുക്കുമോ എന്ന് കണ്ടറിയണം. കെപിസിസി ഭാരവാഹികള്‍ക്കും സമീപ ജില്ലകളിലെ ഡിസിസി പ്രസിഡന്‍റുമാര്‍ക്കും പഞ്ചായത്ത് തലത്തിൽ ചുമതലകൾ വീതിച്ചു നൽകിയിട്ടുണ്ട്. പാർട്ടിയുടെ അഞ്ച് എംഎൽഎമാർക്കും വയനാടിന്റെ ചുമതല കോൺഗ്രസ് വീതിച്ചു നൽകിയിട്ടുണ്ട്.
അതേസമയം, ചേലക്കരയിലും പാലക്കാടിലും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് പോകരുതെന്ന നിർദേശവും കെപിസിസി നൽകിയിട്ടുണ്ട്. ചേലക്കരയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെ.സി.ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍. നാളെ രാവിലെ പതിനൊന്ന് മണിക്ക് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍ നിന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ് ഷോ ആയാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെടുക.
കല്‍പ്പറ്റയില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് മുന്നില്‍ പന്ത്രണ്ട് മണിയോടെ പ്രിയങ്ക എത്തുമ്പോള്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാവും. ദേശീയ-സംസ്ഥാന നേതാക്കളുമെല്ലാം വയനാട്ടിലെത്തും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലും ഇതിന്റെ തരംഗമുണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നേരത്തെ തന്നെ പ്രിയങ്ക കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ദീര്‍ഘകാലമായി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതാണ് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം. അതേസമയം ഉപതിരഞ്ഞെടുപ്പിന് ഇതുരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ഖ് ജലീല്‍ ജില്ലാ കളക്ടര്‍ കൂടിയായ ജില്ല വരണാധികാരി ഡിആര്‍ മേഘശ്രീ നാമനിര്‍ദേശപത്രിക നല്‍കി. ഒക്ടോബര്‍ 18ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ കെ പത്മരാജനും പത്രിക നല്‍കിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് നാമനിര്‍ദേശപത്രിക സ്വീകരിക്കുക.