
വയനാട് പുനരധിവാസം; CMDRF ൽ ലഭിച്ചത് 548.4 കോടി; ചെലവാക്കിയത് വട്ട പൂജ്യം
വയനാട് പുനരധിവാസത്തിൽ മന്ദത. വയനാടിന് വേണ്ടി 1202 കോടിയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ തന്ന കണക്കിൽ കുറെ പണം കേരളത്തിന്റെ കയ്യിലുണ്ട് എന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. സഹായം പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ട് വന്നിരുന്നു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ കാര്യവും എടുത്തുപറയേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പോലും ഒരു രൂപ വയനാടിന് ഇതുവരെ കൊടുത്തില്ലെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നത്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചത് 548.4 കോടി രൂപയാണ്. എന്നാൽ ഇതിൽ നിന്നും ഒരു രൂപ പോലും വയനാടിന് നൽകിയില്ലെന്ന് സിഎംഡിആർഎഫ് വെബ് സൈറ്റിൽ നിന്ന് വ്യക്തം. എന്താണ് ഇത്തരമൊരു കണക്കെന്നുള്ള കാര്യം വിശദീകരിക്കാ സർക്കാർ ബാധ്യസ്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയിൽ നിന്നാണ് മറുപടിയുണ്ടാകേണ്ടത്.
കോവിഡ് കാലത്ത് 1129.74 കോടി ദുരിതാശ്വാസ നിധിയിൽ ലഭിച്ചതിൽ ചെലവാക്കിയത് 1111.15 കോടി മാത്രം. ചെലവാക്കാതെ ഇപ്പോഴും 18.59 കോടി രൂപയുണ്ട്. പ്രളയസഹായമായി ദുരിതാശ്വാസ നിധിയിൽ 4970.29 കോടി ലഭിച്ചെങ്കിലും ചെലവാക്കിയത് 4738.77 കോടി മാത്രം. 231. 52 കോടി ആ ഇനത്തിലും ചെലവഴിക്കാതെ ദുരിതാശ്വാസനിധിയിൽ കിടക്കുന്നു.