
അമൽ നീരദ് ചിത്രം ‘ബോഗയ്‌ന്‍വില്ല’ മികച്ച പ്രേക്ഷകാഭിപ്രായത്തോടെ മുന്നേറുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും തകർത്തഭിനയിച്ച ചിത്രത്തിന്റെ സിനിമയുടെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ സുപ്രധാന രംഗങ്ങളെല്ലാം തന്നെ ടീസറിലുണ്ട്.

തുടക്കം മുതൽ ഒടുക്കം വരെ ദുരൂഹത നിറച്ചാണ് ചിത്രം മുന്നേറുന്നത്. ചിത്രം പക്കാ ജ്യോതിർമയി ഷോയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തിരിച്ചുവരവ് താരം ഗംഭീരമാക്കിയിട്ടുണ്ട്. സാധാരണ മാസ് ആക്ഷൻ സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന അമൽ നീരദ് ഇത്തവണ കളം മാറ്റിപിടിച്ചപ്പോൾ പിറന്നത് മികച്ച ദൃശ്യ വിസ്മയ വിരുന്ന് തന്നെയാണ്. തീയറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. സുഷിൻ ശ്യാമിന്റെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ വൈറലാണ്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ‘ഭീഷ്‌മപര്‍വ്വ’ത്തിന് ശേഷം എത്തിയ ചിത്രമായതിനാൽ തുടക്കത്തിൽ തന്നെ ‘ബോഗയ്‌ന്‍വില്ല’യ്ക്ക് നല്ല ഹൈപ്പ് ആണ് ലഭിച്ചത്. എന്നാൽ പ്രേക്ഷകരെ ചിത്രം ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല എന്ന് തന്നെ പറയാം.