മാതളം മാത്രമല്ല, അതിന്റെ തൊലിക്കും മികച്ച ആരോഗ്യ ഗുണങ്ങളുണ്ട്. പോഷകങ്ങളാൽ സമ്പുഷ്ടമായ മാതളനാരങ്ങയുടെ തൊലി പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുന്നു. മാതളത്തിന്റെ തൊലിക്ക് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണമുണ്ട്. കൂടാതെ അമിതവണ്ണമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.
അവശ്യ ധാതുക്കളും ബയോ ആക്റ്റീവ് പദാർത്ഥങ്ങളും കൊണ്ട് സമ്പുഷ്ടമായ മാതളത്തിന്റെ തൊലി എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകൾ എന്നിവയുടെ സാധ്യതയും മാതളനാരങ്ങയുടെ തൊലി കുറയ്ക്കുന്നു. ഇതിൽ അടങ്ങിയ ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ടാനിനുകൾ തുടങ്ങിയ ഘടകങ്ങൾ ദഹനപ്രശ്നങ്ങൾക്കു പരിഹാരമാകാനും തൊണ്ടവേദന, ചുമ എന്നിവയുടെ ചികിത്സയ്ക്കും സഹായകമാണ്.
വിവിധ ദഹനപ്രശ്നങ്ങൾ, പ്രത്യേകിച്ച് വയറിളക്കം ചികിത്സിക്കാൻ പരമ്പരാഗത വൈദ്യശാസ്ത്രം മാതളനാരങ്ങയുടെ തൊലി ഉപയോഗിച്ച് വരുന്നു. തൊലിയിൽ കാണപ്പെടുന്ന ടാനിനുകൾക്ക് ടിഷ്യൂകളെ ശക്തമാക്കാനും കുടൽ വീക്കം കുറയ്ക്കാനും സഹായിക്കും. മാതളനാരങ്ങ തൊലി ദഹനം മെച്ചപ്പെടുത്താനും വയറിളക്കം അല്ലെങ്കിൽ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാനും കഴിയും. താരൻ അകറ്റാനും ദഹനത്തെ മെച്ചപ്പെടുത്താനും മാതള തൊലിയുടെ ഔഷധപ്രാധാന്യം വിദഗ്ധർ വിശകലനം ചെയ്യുന്നുണ്ട്.