എത്രയൊക്കെ നേടിയാലും അവഗണന അത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് സഞ്ജുവിനോട് മാത്രമുള്ള ഒരു പ്രത്യേക പ്രതിഭാസമാണ്. സെഞ്ച്വറികൾ പറത്തി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച സഞ്ജു സാംസനെ വീണ്ടും അവഗണിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്.
അതിനുകാരണമായി പറയുന്നത് ഇന്ത്യൻ ദേശിയ ടീമിൽനിന്നും പുറത്തായിരുന്ന ഇഷാൻ കിഷനാണ്. കഴിഞ്ഞ വർഷം അവസാനം മുതൽ ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് പുറത്താണ് സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ. അഭ്യന്തര ക്രിക്കറ്റിൽ കളിക്കാനുള്ള ബിസിസിഐ നിർദേശം അവഗണിച്ചത് താരത്തിന് തിരിച്ചടിയായി. ഇതിന് പിന്നാലെ ഇഷാനെ വാർഷിക കരാർ പട്ടികയിൽ നിന്ന് പുറത്താക്കിയ ബിസിസിഐ, പിന്നീട് ഇതേ വരെ താരത്തെ ദേശീയ ടീമിലേക്ക് പരിഗണിച്ചിട്ടുമില്ല.
ഈ സീസണിൽ അഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. താരത്തെ സെലക്ടർമാർ വീണ്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്.
ബിസിസിഐയുടെ പദ്ധതിയിൽ സഞ്ജു പുറത്തോ?
ഓസ്ട്രേലിയൻ പര്യടനം നടത്താൻ ഒരുങ്ങുന്ന ഇന്ത്യ എ ടീമിൽ ഇഷാൻ കിഷനെയും ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണ് ബിസിസിഐ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓസ്ട്രേലിയയുമായുള്ള പരമ്പരയിൽ ഇന്ത്യ എ യുടെ വിക്കറ്റ് കീപ്പർമാരിൽ ഒരാൾ ഇഷാൻ കിഷനായിരിക്കുമെന്നാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
അതേ സമയം ഇഷാൻ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ തിരിച്ചടിയേൽക്കുക മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണ്. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ സഞ്ജു സാംസണ് ഇടം ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. ഇഷാൻ കിഷന് പുറമെ അഭിഷേക് പോറലാകും ടീമിന്റെ മറ്റൊരു വിക്കറ്റ് കീപ്പറെന്നാണ് റിപ്പോർട്ട്.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എയുടെ സാധ്യത ടീം: റുതുരാജ് ഗെയിക്ക്വാദ്, അഭിമന്യു ഈശ്വരൻ, ദേവ്ദത്ത് പടിക്കൽ, സായ് സുദർശൻ, ബി ഇന്ദ്രജിത്, അഭിഷേക് പോറൽ ( വിക്കറ്റ് കീപ്പർ ), ഇഷാൻ കിഷൻ ( വിക്കറ്റ് കീപ്പർ ), മുകേഷ് കുമാർ, റിക്കി ഭൂയി, നിതീഷ് കുമാർ റെഡ്ഡി, മാനവ് സുതാർ, നവ്ദീപ് സൈനി, ഖലീൽ അഹമ്മദ്, തനുഷ് കൊട്ടിയാൻ, യഷ് ദയാൽ.