
ആകാശ യാത്ര ഇനി സാധാരണക്കാരന്റെ സ്വപ്നമായി ഒതുക്കണ്ട ; നിങ്ങൾക്കും പറക്കാം ; 800 രൂപക്ക് ഒരു ഫ്ലൈറ്റ് യാത്ര നടത്തി യുവാവ്
കൊച്ചി : ഒരു വിമാനയാത്ര. അത് കൊതിക്കാത്തതായിട്ടുള്ള മനുഷ്യർ ഈ ഭൂമിയിൽ വളരെ കുറവാണ്. സാധാരണക്കാരനെ സംബന്ധിച്ച് കൈയ്യിലൊതുങ്ങുന്നതാണ് വിമാന യാത്രയ്ക്കുള്ള ടിക്കറ്റ് എന്നത് കൊണ്ട് പലപ്പോഴും ഈ ആഗ്രഹം പലർക്കും സാധിക്കാതെ പോകാറുണ്ട് . സീസൺ സമയത്തെ ടിക്കറ്റ് നിരക്കിന്റെ കാര്യമറിയാമല്ലോ. പലപ്പോഴും വിദേശത്ത് നിന്ന് നാട്ടിലേക്ക് അവധിക്കാലങ്ങളിൽ വരാൻ ആഗ്രഹമുണ്ടെങ്കിൽ പോലും പതിനായിരിങ്ങളുടെ നിരക്കാണ് കാണാറുള്ളത് എന്നത് കൊണ്ട് പലരും വിദേശങ്ങളിൽ ഒതുങ്ങി കൂടും. അത്രമാത്രം തീ പാറുന്ന വിലയാണ് വിമാന ടിക്കറ്റുകൾക്ക്.
എന്നാൽ അത്തരത്തിലുള്ള കാലം അല്ല ഇതെന്ന് വ്യക്തമാക്കുകയാണ് ഒരു മാധ്യമ വിദ്യാർത്ഥി. നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ഇനി ചിറക് പകരാം എന്ന് വ്യക്തമാക്കി കൊണ്ട് വെറും 800 രൂപ ടിക്കറ്റ് നിരക്കിൽ വിമാന യാത്ര ചെയ്തിരിക്കുകയാണ് ശ്രീഹരി രാജേഷ്. യാത്ര ആസ്വദിച്ചു എന്ന് മാത്രമല്ല ഇവിടെ നിങ്ങൾക്കും അവസരമുണ്ടെന്നറിയിച്ചാണ് കക്ഷി രംഗത്ത് എത്തിയത്. ഇതോടെ ശ്രീഹരിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. 800 രൂപയ്‌ക്ക് ആകാശയാത്ര ചെയ്ത ശ്രീഹരി രാജേഷ് അനുഭവം പങ്ക് വച്ച വീഡിയോയാണ് വൈറൽ .
വെറും ആറു ദിവസം കൊണ്ട് 7.8 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 800 രൂപക്ക് ഒരു ഫ്ലൈറ്റ് യാത്ര എന്ന കുറിപ്പോടൊണ് വീഡിയോ ഷെയർ ചെയ്തത്. കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലെ സേലത്തേക്ക് ടിക്കറ്റെടുത്തു. ഒരിക്കലും വിമാനത്തിൽ പോകാത്തവർക്ക് നല്ല എക്സ്പീരിയൻസായിരിക്കും. സേലത്ത് നിന്ന് ഒരു മണിക്കൂർ ബസിൽ യാത്ര ചെയ്താൽ യേർക്കാട് എത്താം. അപ്പൊ കുറഞ്ഞ ചെലവിൽ ഒരു ഫ്ലൈറ്റ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പറ്റിയ ഒരു റൂട്ട് ആണെന്നും ശ്രീഹരി പറയുന്നു. ഇതിനിടെ നിലവിലെ ടിക്കറ്റ് ചാർജും ശ്രീഹരി കാണിക്കുന്നുണ്ട്. 1050 രൂപയുടെ ടിക്കറ്റിന് ഡിസ്കൗണ്ട് കഴിഞ്ഞ് വെറും 770 രൂപയാണ് നിലവിലെ നിരക്ക്. 2017 ൽ നരേന്ദ്രമോദി സർക്കാർ ഉഡാൻ പദ്ധതി ആരംഭിച്ചതോടെ ആകാശ യാത്ര സ്വപ്നം കാണുന്നവർക്ക് അവസരമൊരുങ്ങുകയാണ് എന്നാണ് ഇതിന് പിന്നാലെ ഉയരുന്ന കമൻ്റുകൾ.