Cinema

ആരാധകരെ വീണ്ടും നിരാശയിലാക്കി ‘ബസൂക്ക’യുടെ ആ വാർത്ത

ആരാധകർ മമ്മൂട്ടിയുടെതായി കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ‘ബസൂക്ക.’ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘ബസൂക്ക’ എന്നാണ് സൂചന. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു മലയാള സിനിമയായിരിക്കും ഇത് എന്നും ആരാധകർ പ്രതീക്ഷിക്കുന്നു. എന്നാല്‍, പുതിയ വിവരങ്ങൾ അനുസരിച്ച് ‘ബസൂക്ക’യുടെ റിലീസ് വൈകിയേക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

ഓണം റിലീസായി സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കാനായിരുന്നു ആദ്യം ആലോചന. പക്ഷേ, തീയറ്ററുകളിൽ ചിത്രമെത്താത്തതോടെ ആരാധകർക്കിടയിൽ ഇത് വലിയതോതിൽ നിരാശയുണ്ടാക്കി. എന്നാൽ ചിത്രത്തിന്റെ റിലീസ് വൈകുന്നതിനുള്ള കാരണത്തെ വ്യക്തമല്ല. 2025ലായിരിക്കും മിക്കവാറും ചിത്രം തീയറ്ററുകളിൽ എത്തുക എന്നാണ് നിലവിലെ സൂചന.

ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ് എഴുതുന്നത്. ‘ബസൂക്ക’യിൽ മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്നു എന്നത് ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത കൂടിയാണ്. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് ‘ബസൂക്ക’ എന്നാണ് സംവിധായകൻ ഡിനോ ഡെന്നിസ് പ്രതികരിച്ചത്. അതിന് അവസരം നൽകിയത് തിരക്കഥ തന്നെയാണെന്നും, അദ്ദേഹത്തെ പോലെയുള്ള അനുഭവ സമ്പന്നനായ നടനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ താന്‍ വളരെയേറെ ത്രില്ലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂതനമായ ഒരു പ്രമേയമാണ് എന്നതിനാല്‍ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *