സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയ്ക്കായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചു കാലമായി. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. സ്റ്റൈലിഷ് ലുക്കിലാണ് സൂര്യയെ പോസ്റ്ററിൽ കാണാൻ കഴിയുക.
ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് സൂര്യ എത്തുക. ഫ്ലാഷ്ബാക്ക് ഭാഗത്തുള്ള സൂര്യയുടെ ചിത്രങ്ങൾ അണിയറപ്രവർത്തകർ ഇതിന് മുൻപ് പുറത്തുവിട്ടിരുന്നു. ഇപ്പോൾ പുതിയ കാലത്തെ സൂര്യയുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വെള്ള കോട്ടിട്ട് ഒരു ചുവന്ന കാറിന് മുകളിലിരിക്കുന്ന സൂര്യയാണ് പുതിയ പോസ്റ്ററിലുള്ളത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ യോളോയുടെ റിലീസിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന കങ്കുവ സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവ ആണ്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവയ്‌ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിലെ നായിക ദിഷ പഠാണിയാണ്.