
ശോഭിത ധൂലിപാല – നാഗ ചൈതന്യ വിവാഹം; തെലുങ്ക് ആചാരങ്ങൾക്കൊപ്പം ആഘോഷങ്ങൾ ആരംഭിച്ചു
തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാലയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം. ഗോധുമ റായി പശുപു ആചാരത്തോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചിരിക്കുന്നു. തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ചിത്രങ്ങൾ ശോഭിത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ഈ ആചാരം തെലുങ്ക് ജനതയുടെ പരമ്പരാഗത ചടങ്ങുകളിൽ ഒന്നാണ്. വധുവിന്റെ സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ഉണ്ടാകുന്നതിന് വേണ്ടിയാണ് ഈ പുണ്യ ചടങ്ങ് നടക്കുന്നത്. കുടുംബം, ആത്മീയത, സമൂഹം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ ആചാരം വിവാഹാഘോഷങ്ങളിലെ പ്രധാന ഘടകമാണ്.

മനോഹരമായ പിങ്ക് സിൽക്ക് സാരിയണിഞ്ഞും സ്വർണാഭരണങ്ങൾ ധരിച്ചും, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചും ശോഭിത പരമ്പരാഗത ലുക്കിൽ സുന്ദരിയായി പുത്തൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. “അങ്ങനെ അത് ആരംഭിക്കുന്നു” എന്ന അടിക്കുറിപ്പോടെ ശോഭിത ചിത്രങ്ങൾ ഷെയർ ചെയ്തു.

ഈ വർഷം ഓഗസ്റ്റ് 8നായിരുന്നു ശോഭിതയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹനിശ്ചയം. എന്നാൽ, വിവാഹത്തിന്റെ തിയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
2017ലായിരുന്നു നടി സമാന്തയുമായി നാഗ ചൈതന്യയുടെ ആദ്യ വിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നത്. ഇതിന് ശേഷം ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യയുടെ അടുത്ത ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വരികയായിരുന്നു. ഇരുവരും ഈ സംബന്ധത്തിൽ മൗനം പാലിച്ചെങ്കിലും അവരോടൊപ്പം അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
നാഗ ചൈതന്യയുടെ അടുത്ത പ്രോജക്ട് സായ് പല്ലവിയോടൊപ്പം ‘തണ്ടേൽ’ എന്ന സിനിമയാണ്. ശോഭിതയുടെ അവസാനത്തെ ചിത്രം ദേവ് പട്ടേൽ നായകനായ ‘മങ്കി മാൻ’ ആണ്. കൂടാതെ, മലയാള സിനിമകളായ ‘കുറുപ്പ്’ , ‘മൂത്തോൻ’ എന്നിവയിലും ശോഭിത അഭിനയിച്ചിട്ടുണ്ട്.