മുംബൈ: ബോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി സ്വന്തമാക്കാന്‍ സെറീന്‍ എന്റര്‍ടെയിന്‍മെന്റസ് ഉടമ അദര്‍ പൂനാവാല. ഇതിനായി അദ്ദേഹം ചിലവഴിച്ചത് 1000 കോടി രൂപയെന്നാണ് ലഭ്യമായ വിവരങ്ങള്‍. കരണ്‍ ജോഹറിന്റെ നേതൃത്വത്തിലുള്ള ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ പകുതി ഓഹരി സ്വന്തമാക്കാന്‍ റിലയന്‍സ് ഗ്രൂപ്പും ആര്‍.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ സരിഗമ ഇന്ത്യ ലിമിറ്റഡും ശ്രമിച്ചെങ്കിലും അവരെ പിന്തള്ളിയാണ് സെറീന്‍ ഗ്രൂപ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
1976-ല്‍ യഷ് ജോഹര്‍ സ്ഥാപിച്ച ധര്‍മ്മ പ്രൊഡക്ഷന്‍സ് ബോളിവുഡിന് ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ നല്‍കിയ ഒരു പ്രൊഡക്ഷന്‍ ഹൗസാണ്. യഷ് ജോഹറിന്റെ മരണത്തിനു ശേഷം മകന്‍ കരണ്‍ ജോഹറാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ചുമതല ഏറ്റെടുത്ത് നയിക്കുന്നത്.
ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ പങ്കാളി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും, ഒരുമിച്ച് ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ യശസ്സ് ഇനിയും ഉയരങ്ങളില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദര്‍ പൂനാവാല പറഞ്ഞു.