News

PF തുക ജനുവരി മുതൽ ATM ലൂടെ പിൻവലിക്കാം

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒർഗനൈസേഷൻ (EPFO) വരിക്കാർക്ക് 2025 ജനുവരി മുതൽ പി.എഫ് തുക എ.ടി.എം വഴി നേരിട്ട് പിൻവലിക്കാം. ഇതിനായി പി.എഫ്. അക്കൗണ്ട് ഉടമകൾക്ക് എ.ടി.എം. കാർഡുകൾ നൽകും. തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൊഴിൽമന്ത്രാലയം ഐ.ടി. സംവിധാനങ്ങൾ നവീകരിക്കുകയാണെന്നും ജനുവരിയോടെ നിർണായക പുരോഗതിയുണ്ടാകുമെന്നും കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ്റ പറഞ്ഞു.

ക്ലെയിമുകൾ വേഗം തീർപ്പാക്കാനും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും സാമ്പത്തികസ്വാശ്രയത്വം വർധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ 70 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് നിലവിലുള്ളത്.

പി.എഫ്. അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക വർധിപ്പിക്കും. പദ്ധതിവിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയുമെന്നും തൊഴിലാളികൾക്ക് ഇഷ്ടമുള്ള തുക വിഹിതമായി നൽകാനുള്ള സൗകര്യമൊരുങ്ങുമെന്നും സൂചനയുണ്ട്. ഏഴുകോടി വരിക്കാരാണ് ഇ.പി.എഫ്.ഒ.യിലുള്ളത്.

പി.എഫ്. നിക്ഷേപത്തിന്റെ 50 ശതമാനംവരെ എ.ടി.എം. വഴി പിൻവലിക്കാം. ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും എന്നാൽ എപ്പോഴാണ് ഇത് നടപ്പാക്കി തുടങ്ങുന്നതെന്ന് പറയാനാകില്ലെന്നും ദവ്റ പറഞ്ഞു. മെഡിക്കൽ ഹെൽത്ത് കവറേജ്, പ്രൊവിഡന്റ് ഫണ്ടുകൾ, അപകടങ്ങൾ സംഭവിക്കുകയാണെങ്കിലുള്ള സാമ്പത്തിക സഹായം എന്നിവ ഉൾപ്പെടെയുള്ള ഒരു പദ്ധതിയാണ് ഇതിനുവേണ്ടി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും ക്ഷേമ ആനുകൂല്യങ്ങളും നൽകുന്നതിനുള്ള ഒരു ചട്ടക്കൂട് നിർദ്ദേശിക്കുന്നതിന് വിവിധ പങ്കാളികളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.

ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളെ ആദ്യമായി നിർവചിച്ചിരിക്കുന്നത് പാർലമെന്റ് നിയമമാക്കിയ 2020 ലെ സാമൂഹിക സുരക്ഷയുടെ കോഡിലാണ്. അവരുടെ സാമൂഹിക സുരക്ഷയും ക്ഷേമവും സംബന്ധിച്ച വ്യവസ്ഥകൾ കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *