കോഴിക്കോട് : കുറച്ച് ദിവസങ്ങളിലായി പല കടൽ തീരങ്ങളിലും മത്തി അടിയുന്നതായി കാണുന്നുണ്ട്. കടൽ തീരങ്ങളിൽ ജീവനോടെ തുള്ളിക്കളിക്കുന്ന മത്തികൂട്ടം കാണുമ്പോൾ കടൽ തീരത്തിലേക്ക് ചാകര വന്നേ എന്ന ആവേശത്തോടെയാണ് പലരും ഇതിനെ നോക്കികാണുന്നത്. എന്നാൽ ഇത്തരം പ്രതിഭാസം ചാകരയല്ല എന്ന പഠന റിപ്പോർട്ടുമായി രംഗത്തെത്തുകയാണ് ഗവേഷകർ.
ഇത് ചാകരയാണെന്നാണ് എല്ലാവരും വിശേഷിപ്പിച്ചതെങ്കിലും പുതിയൊരു തരം കടൽ പ്രതിഭാസമാണിതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കടൽവെള്ളത്തിന്റെ സാന്ദ്രത കുറയുമ്പോൾ മീനുകൾ കൂട്ടത്തോടെ കരയിലേക്ക് എത്തുന്നതാണിത്. അന്തരീക്ഷ താപനിലയിൽ മാറ്റം സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ സമുദ്രജലത്തിന്റെ സാന്ദ്രതയിൽ വ്യത്യാസം വരുന്നത്.
സാന്ദ്രത കുറയുന്ന സമയത്ത് അടിത്തട്ടിലെ ജലം മുകളിലേക്ക് ഉയരും, ഇതോടെയാണ് മീനുകൾ തിരയോടൊപ്പം സഞ്ചരിക്കുന്ന അവസ്ഥയിലെത്തുന്നത്. കടൽ ജലത്തിന്റെ ഉപരിതലത്തിലെത്തുന്ന മത്സങ്ങൾ പതിയെ തിരയ്‌ക്കൊപ്പം തീരം തൊടും. മിനിറ്റുകളോ, മണിക്കൂറുകളോ നീളുന്ന ഈ പ്രതിഭാസത്തെ കടൽവെള്ള സാന്ദ്രത പ്രതിഭാസമെന്ന് വിശേഷിപ്പിക്കാം. കഴിഞ്ഞ ദിവസം കോഴിക്കോട് കോന്നാട് ബീച്ചിലും തൃശൂർ തളിക്കുളത്തെ ബീച്ചിലുമാണ് ജീവനുള്ള മത്തി അടിഞ്ഞുകൂടിയത്. മീൻ വാരി ചാക്കിലാക്കാൻ വലിയ ആവേശത്തിലായിരുന്നു നാട്ടുകാർ.