Cinema

‘എൻ്റെ ജീവിതത്തിലെ അമൂല്യമായ സ്വത്ത് പോയി’, അമ്മയുടെ മരണത്തില്‍ ഹൃദയം തകരുന്ന കുറിപ്പുമായി നടന്‍ കിച്ച സുദീപ്

ന്യൂഡല്‍ഹി: അമ്മയുടെ മരണത്തില്‍ ഹൃദയം തകരുന്ന കുറിപ്പുമായി തെന്നിന്ത്യന്‍ നടന്‍ കിച്ച സുദീപ്. ഞായറാഴ്ച്ച രാവിലെയാണ് സുദീപിന്റെ അമ്മ സരോജ സഞ്ജീവ് മരണപ്പെടുന്നത്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച്ച വൈകിട്ടോടെ ആശുപത്രില്‍ പ്രവേശിപ്പിക്കപ്പെട്ട സരോജ സഞ്ജീവ് പിറ്റേന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബിഗ് ബോസ് കന്നഡ 11 ന്റെ ശനിയാഴ്ച എപ്പിസോഡിന്റെ ചിത്രീകരണം നടക്കുന്ന സമയത്താണ് അമ്മ ആശുപത്രിയിലാകുന്ന വിവരം സുദീപ് അറിഞ്ഞത്. ആശുപത്രിയിലെയ്‌ക്കെത്തിയപ്പോള്‍ അമ്മയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തനിക്ക് അവസാനമായി അമ്മയെ കാണാന്‍ കഴിയാതിരുന്നതിന്റെ ദുഖവും പ്രിയപ്പെട്ട അമ്മയുടെ വേര്‍പാടിന്റെ വേദനയും താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പായി പങ്കിട്ടിരിക്കുകയാണ്.

തന്റെ ജീവിതത്തിലെ അമൂല്യ നിധി ആയിരുന്നു അമ്മയെന്നും അമ്മയുടെ നഷ്ടം നികത്താന്‍ കഴിയാത്തതുമാണെന്ന് അദ്ദേഹം കുറിച്ചു. അമ്മയില്ലെന്ന യാഥാര്‍ത്ഥ്യം എനിക്ക് അംഗീകരിക്കാനാവുന്നില്ല. ഞാന്‍ പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചെത്താന്‍ സമയം വേണ്ടിവരും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം അമ്മയാണ് എനിക്ക് ഗുഡ്‌മോര്‍ണിംഗ് പറഞ്ഞിരുന്നത്. എന്നും ഷൂട്ടിന് പോകുന്നതിന് മുന്‍പ് അമ്മ എന്നെ കെട്ടിപിടിച്ച് യാത്രയാക്കുമായിരുന്നു. അമ്മ ഈ ഭൂമിയില്‍ നിന്ന് പോകേണ്ട സമയമായപ്പോള്‍ പോയി. ഏറ്റവും സമാധാനമുള്ള സ്ഥലത്തേയ്ക്കാണ് അമ്മ പോയതെന്ന് എനിക്കറിയാം. പക്ഷേ ഈ വേര്‍പാട് എനിക്ക് വലിയ വേദന തന്നെയാണ് എന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്കും ആശ്വാസവാക്കുകള്‍ നല്‍കിയവര്‍ക്കും ചേര്‍ത്ത് പിടിച്ചവര്‍ക്കും നന്ദി പറഞ്ഞാണ് കിച്ച സുദീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *