തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബുവിന് ക്ലീൻ ചിറ്റ്. പെട്രോള്‍ പമ്പിന് എൻഒസി നല്‍കുന്നതില്‍ ഫയല്‍ വൈകിച്ചതിനും കൈക്കൂലി വാങ്ങിയതിനും തെളിവില്ലെന്നാണ് ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ പെട്രോള്‍ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ട ഫയല്‍ അനുവദനീയമായതില്‍ കൂടുതല്‍ ദിവസം നവീൻ ബാബു കൈവശം വച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഫയലുകൾ പരിശോധിച്ചതിന്റെയും ജീവനക്കാരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇനി പരാതിക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. അതിന് ശേഷം ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീത റവന്യു മന്ത്രി കെ. രാജന് റിപ്പോർട്ട് സമർപ്പിക്കും. പമ്പ് സ്ഥാപിക്കുന്നയിടത്ത് വളവുണ്ടെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തോട് എഡിഎം റിപ്പോർട്ട് തേടിയത്. സെപ്റ്റംബർ 30നായിരുന്നു സംഭവം.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ എല്ലാം തന്നെ ടൗണ്‍ പ്ലാനിംഗിന് നേരത്തെ കൈമാറിയിരുന്നു. റോഡിന്‍റെ വീതി കൂട്ടുന്നതിനുള്ള ശുപാർശ നിലവിലുണ്ടെന്നും റോഡിന് വീതി കൂട്ടിയാല്‍ വളവ് ഇല്ലാതാകുമെന്നും ഒക്ടോബർ ഏഴിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇവരുടെ മറുപടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ വൈകാതെ ഫയലില്‍ എഡിഎം തീരുമാനമെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതിനാൽ തന്നെ നടപടിക്രമം പാലിച്ചു ഫയലില്‍ തീരുമാനമെടുത്ത നവീൻ ബാബു കൈക്കൂലി വാങ്ങിയതായി പറയാനാകില്ല. കൈക്കൂലിക്കായി ഫയല്‍ നവീൻ ബാബു നീട്ടിവച്ചിട്ടില്ല. നേരത്തേ റവന്യു വകുപ്പു നടത്തിയ പ്രാഥമിക പരിശോധനയിലും എഡിഎം ഫയല്‍ വൈകിച്ചില്ലെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാകും സർക്കാർ തുടർ നടപടി കൈക്കൊള്ളുക.