അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മന്മഥനിൽ നായകനാകാൻ നടനും സംവിധായകനുമായ അൽത്താഫ് സലിം. റൊമാന്‍റിക് കോമഡി ചിത്രത്തിന്റെ രസകരമായ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ദ മാസ്റ്റർ ഓഫ് ഹാർട്സ്’ എന്ന ടാഗ് ലൈനിലാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറായാണ് അൽത്താഫ് ചിത്രത്തിലെത്തുക. പക്ഷേ സ്ത്രീകളുടെ മുഖത്തുപോലും നോക്കാൻ പേടിയുള്ളയാളാണ് അൽത്താഫിന്‍റെ കഥാപാത്രം. ഇതുമൂലം അൽത്താഫിന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരവും കൗതുകകരവുമായ ഒരുപിടി കാര്യങ്ങളാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാംഗ് ഫിലിം ഫാക്ടറി എന്നീ ബാനറിൽ ഡാരിയസ് യാർമിൽ, സുജിത് കെ.എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡാരിയസ് യാർമിലും അനസ് കടലുണ്ടിയും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് യുക്തി രാജാണ്.