കൊച്ചി: അമൂര്‍ത്തകലയുടെ ആചാര്യനായി അറിയപ്പെടുന്ന പ്രശസ്ത മലയാളി ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂരിന്റെ 70 പെയ്ന്റിംഗുകളും പഴയ ഫോട്ടോഗ്രാഫുകളും ഉൾപ്പെടെ ആര്‍ക്കൈവല്‍ മെറ്റീരിയലുകളുടേയും പ്രദര്‍ശനമായ ദി മെമ്മറി ഓഫ് കളര്‍ ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 11 വരെ കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കും. കേരളത്തില്‍ ലോകപ്രശസ്തമായ ചിത്രകാരന്റെ ഇത്ര വിപുലമായ പ്രദര്‍ശനം ആദ്യമായാണ് അരങ്ങേറുന്നത്.
ചെന്നൈ ആസ്ഥാനമായ പ്രശസ്ത ആര്‍ട് ഗാലറിയായ അശ്വിതാസാണ് ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ചലച്ചിത്ര ചരിത്രകാരനും വന്യജീവി സംരക്ഷകനുമായ തിയോഡോര്‍ ഭാസ്‌കരന്‍ ഒക്ടോബര്‍ 24ന് വൈകീട്ട് 5 മണിക്ക് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കലാകാരന്‍ ടി കലാധരന്‍ ആശംസകള്‍ അറിയിക്കും.
അച്യുതന്‍ കൂടല്ലൂര്‍ പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ജനിച്ച് എന്‍ജീനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ചെറുപ്പത്തിൽ തന്നെ മദ്രാസിലേക്ക് മാറി. 1970കളില്‍ മദ്രാസ് ആര്‍ട് ക്ലബിലെ അംഗമാകുകയും മദ്രാസിലെ ചിത്രകലാ രംഗത്തെ നിര്‍ണായക മാറ്റത്തിന്റെ ഭാഗമാവുകയും ചെയ്തു.
പ്രദര്‍ശനം അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികള്‍ മുതല്‍ അവസാനകാല സൃഷ്ടികള്‍ വരെ ഉള്‍ക്കൊള്ളുന്ന സമഗ്ര സമര്‍പ്പണമാണ്. ലോകപ്രശസ്തമായ അമൂര്‍ത്തകലയുടെ ഉദാത്ത സൃഷ്ടികള്‍ മലയാളി കലാകാരന്‍ അച്യുതന്‍ കൂടല്ലൂരിന്റെ സംഭാവനകളെ തികച്ചും പ്രതിഫലിപ്പിക്കുന്ന റെട്രോസ്‌പെക്ടീവ് പ്രദര്‍ശനമാണിത്.
അശ്വിതാസിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഈ പ്രദർശനം അമൂര്‍ത്ത കലാരൂപങ്ങളുടെ ആഴവും വ്യാപ്തിയും തിരിച്ചറിയുവാന്‍ കേരളത്തിലെ കലാപ്രേമികള്‍ക്ക് ഒരവസരമായിരിക്കും.