
ചെറുപ്പക്കാരെല്ലാം വിദേശത്തേക്ക്, ഇന്ത്യയുടെ ഭാവി ഇനി പ്രായമായവർ മാത്രമാകുമോ ? ചർച്ചയായി ഡോക്ടറുടെ പോസ്റ്റ്
പഠനത്തിനും ജോലിക്കും വേണ്ടി ഇന്ന് യുവതി യുവാക്കൾ വിദേശത്തേക്ക് പോകുന്ന ട്രെൻഡ് കഴിഞ്ഞ ഒരു ദശാബ്ദമായി വർധിച്ചു വരികയാണ്. തൊഴിലില്ലായ്മ, ശമ്പള കുറവ്, ജീവിത സാഹചര്യങ്ങൾ, മോശം വർക്ക് കൾച്ചർ, ഗ്രോത്ത് ഇല്ലായ്മ എന്നി പലകാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്.
ഉയർച്ച ഉണ്ടാവണമെങ്കിൽ വിദേശത്തേക്ക് പോയെ പാട്ടു എന്നാണു ഭൂരിഭാഗം പേരും വിചാരിക്കുന്നത്. എന്നാലിപ്പോൾ ഇതുമായി ബന്ധപ്പെട്ട പോസ്റ്റാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഡോ. സിറിയക് എബി എലിപ്സിന്റെ പോസ്റ്റ് എല്ലാവരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്ന ചോദ്യമാണ് ഉയർത്തുന്നത്.
ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഇപ്പോൾ യുവാക്കളില്ല എന്നാണ് ഡോ. സിറിയക് പറയുന്നത്. ഇതിന്റെ ഉദാഹരണമായി തന്റെ ഒരു അനുഭവമാണ് ഡോക്ടർ പങ്കുവയ്ക്കുന്നത്.
വൃദ്ധരായ ഒരു ദമ്പതികൾ തന്നെ കാണാൻ വന്നതിനെ കുറിച്ചാണ് ഡോക്ടർ പറയുന്നത്. ചെക്കപ്പിന് വരാനും തിരിച്ചു വീട്ടിൽ പോകാനും ഉൾപ്പെടെ അവർക്ക് എടുത്ത സമയം10 മണിക്കൂറാണെന്ന് ഡോ. സിറിയക് പറയുന്നു. ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി കൺസൾട്ടേഷൻ നടത്തം എന്ന് ഡോക്ടർ പറഞ്ഞെങ്കിലും ഇരുവർക്കും സ്മാർട്ട് ഫോൺ ഇല്ലെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നത് അറിയില്ലെന്ന് അവർ പറഞ്ഞതായി എന്നും ഡോക്ടർ പറയുന്നു.
മക്കളുടെ കൈയിൽ സ്മാർട്ട്ഫോണില്ലേ എന്ന് ചോദിച്ചപ്പോൾ മക്കൾ രണ്ടുപേരും വിദേശത്താണെന്നു എന്നാണ് ലഭിച്ച മറുപടി . തുടർന്ന് ഏതെങ്കിലും അയൽവാസികളുടെ സഹായം തേടാൻ നിർദേശിച്ചപ്പോൾ വീടിന്റെ കുറച്ച മൈൽ ദൂരം വരെ തങ്ങളെ പോലെ പ്രായമായവർ മാത്രമാണ് വസിക്കുന്നതെന്നും യുവാക്കളെല്ലാം, യുഎഇ, കാനഡ, ന്യൂസിലാൻഡ്, യുകെ, ഓസ്ട്രേലിയ ഒക്കെയാണ് എന്നാണ് മറുപടി.
ഇതുകേട്ട ഡോക്ടർ എന്തെങ്കിലും അടിയന്തര അവസ്ഥ വന്നാലെന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ വീടിന് കുറച്ചടുത്തായി ഒരു പ്ലംബറും ഒരു കട നടത്തുന്നയാളും ഉണ്ട് അവരെ ഫോൺ വിളിച്ചാൽ ആശുപത്രിയിലെത്തിക്കും എന്നാണത്രെ ദമ്പതികൾ പറഞ്ഞത്.
ഈ ദമ്പതികൾക്ക് സഹായമാണ് ഒരു ബന്ധുവായ ചെറുപ്പക്കാരൻ ഉണ്ടായിരുന്നുവെന്നും എന്നാൽ അയാൾ പോലും രണ്ടാഴ്ചയ്ക്കുള്ളിൽ ന്യൂസിലാൻഡിലേക്ക് പോകുകയാണെന്നും അവർ പറഞ്ഞതായി ഡോക്ടർ വ്യക്തമാക്കി. ചെറുപ്പക്കാരൊക്കെ മികച്ച സ്ഥലങ്ങൾ തേടി ജോലിക്കും പഠനത്തിനുമായി പോകുമ്പോൾ നാളെ ഈ രാജ്യത്തിൻറെ ഭാവി എന്തായിരിക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്നു ഡോക്ടർ കുറിച്ചു.
കുറിപ്പ് വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. നിരവധിപ്പേർ പോസ്റ്റിന് പ്രതികരിച്ചു. ഡോക്ടർ പറഞ്ഞത് സത്യം തന്നെയാണ്, ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും ഇപ്പോൾ പ്രായം ചെന്നവർ മാത്രമേ ഉള്ളൂ എന്ന് കമന്റ് നൽകിയവരുണ്ട്. അതേസമയം, മികച്ച അവസരങ്ങൾ ലഭിക്കുമ്പോൾ പോവുകയല്ലാതെ വേറെ എന്ത് നിവർത്തിയാണുള്ളത് , നാട്ടിൽ നിന്നാൽ കഷ്ടപ്പാട് തീരാത്തതുകൊണ്ടാണെന്നും , പ്രായമായവർ പലപ്പോഴും മക്കൾക്കൊപ്പം പോകാൻ തയ്യാറല്ല എന്നും മറ്റുചിലർ പ്രതികരിച്ചു