തിരുവനന്തപുരം : ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ച. ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയി. സംഭവത്തിൽ 3 പേർ പിടിയിലായി. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഹരിയാന സ്വദേശികളാണ്. ശക്തമായ സുരക്ഷ ഉണ്ടായിട്ടു പോലുമാണ് മോഷണം സംഭവിച്ചിരിക്കുന്നത്. വ്യാഴ്ചയാണ് മോഷണം നടന്നിരിക്കുന്നത്. ഹരിയാനയിൽ നിന്ന് ഫോർട്ട് പോലീസാണ് രണ്ടു സ്ത്രീകളും ഒരു പുരുഷനെയും പിടികൂടിയത്. പിടിലായ പ്രതികളെ ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.
അതേസമയം , ഉരുളി മോഷ്ടിച്ചത് വീട്ടിൽ ഐശ്വര്യം വരാനെന്നു പ്രതികൾ മൊഴി നൽകി. തിരുവനന്തപുരം എത്തിയപ്പോൾ ക്ഷേത്രത്തിൽ നിന്ന് എന്തെങ്കിലും വീട്ടിലെത്തിക്കണമെന്ന് കരുതിയതായി പ്രതികൾ പറഞ്ഞു. എന്നാൽ മൂവരുടെയും മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. പിടിയിലായവരിൽ സംഘ തലവനായ ഗണേശ് ഝായ ഓസ്‌ട്രേലിയൻ പൗരനാണ് ഇയാൾ വർഷങ്ങളായി ഹരിയാനയിൽ താമസിച്ചു വരികയാണ്.
സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്. കനത്ത സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 200 ഓളം ഉദ്യോഗസ്ഥരെ സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ ശക്തമായ സുരക്ഷാ ക്രമീകരിച്ചിട്ട് പോലും ഇത്തരമൊരു സംഭവം നടന്നതിൽ ആക്ഷേപം ഉയരുകയാണ്.