ഫുട്ബോളിൻ്റെ അഹങ്കാരമാണ് ലയണൽ ആന്ദ്രെസ് മെസ്സി എന്ന ഫുട്ബോളിൻ്റെ സ്വന്തം മിശിഹാ. അർജൻ്റീനയിൽ ജനിച്ച് ലോകം വാഴ്ത്തുന്ന മെസ്സിയുടെ ഓരോ ചുവടുകളും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. പൂർണമായ ഫുട്ബോൾ ജീവിതത്തിൻ്റെ ഉടമയ്ക്ക് ഒരിക്കൽ പോലും ഗോളുകളോടുള്ള കൊതി അവസാനിച്ചിട്ടില്ലെന്നു വേണം കരുതാൻ. വീണ്ടും വീണ്ടും ഇടംകാലുകൊണ്ട് വിസ്മയിപ്പിക്കുകയാണ് മെസ്സി.
അമേരിക്കൻ ക്ലബ്ബിൽ ചേക്കേറിയിട്ടും പഠിച്ച പാഠങ്ങളൊന്നും മെസ്സി മറന്നിട്ടില്ല. ഇൻറർ മയാമിക്കായി ഹാട്രിക് തികച്ചിരിക്കുകയാണ് ലയണൽ മെസ്സി ഇപ്പോൾ. ന്യൂ ഇംഗ്ലണ്ട് റെവല്യൂഷെനെതിരെ നടന്ന മത്സരത്തിലാണ് സൂപ്പർതാരത്തിൻ്റെ ഹാട്രിക് പ്രകടനം.
മൂന്ന് ഗോൾ നേടിയതിനൊപ്പം ഒരു അസിസ്റ്റും മെസ്സി നൽകി. ന്യൂ ഇംഗ്ലണ്ടിനെ 6-2 എന്ന സ്കോറിനാണ് മയാമി തകർത്തത്. ലൂയിസ് സുവാരസ് രണ്ട് ഗോൾ നേടി. മത്സരത്തിൽ വിജയിച്ചതോടെ 74 ലീഗ് പോയിൻറുമായി മയാമി എം.എൽ.എസിൽ ചരിത്രം കുറിച്ചു.
ഹാട്രിക് മെസ്സി
രണ്ടാം പകുതിയിലാണ് മെസ്സിയുടെ മൂന്ന് ഗോളും പിറന്നത്. 35 മിനിറ്റ് മാത്രമാണ് മെസ്സി കളത്തിലുണ്ടായിരുന്നത്. മയാമിക്ക് വേണ്ടി താരമടിച്ച ആദ്യ ഹാട്രിക്കിലെ ആദ്യ ഗോൾ പിറന്നത് 78ാം മിനിറ്റിലാണ്. ബോക്സിന് വെളിയിൽ നിന്നും ബോട്ടം ലെഫ്റ്റ് കോർണറിലേക്ക് ഒരു ഗോൾ.
പിന്നീട് 81ാം മിനിറ്റിൽ ബോക്സിനുള്ളിൽ നുഴഞ്ഞുകയറി ത്രൂപാസ് സ്വീകരിച്ച മെസ്സി രണ്ടാം ഗോളും കണ്ടെത്തി. 88ാം മിനിറ്റിലാണ് മെസ്സി ഹാട്രിക് ഗോൾ തികച്ചത്. സുവാരസ് ബോക്സിനുള്ളിൽ നൽകിയ പന്ത് മെസ്സി അനായാസം വലയിലെത്തിച്ചു. വെറും 11 മിനിറ്റിൻറെ ഗ്യാപിലാണ് മെസ്സി ഹാട്രിക് പൂർത്തിയാക്കുന്നത്.
ഈ ആഴ്ച പകുതിക്ക് വെച്ച് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബോളീവിയക്കെതിരെയായിരുന്നു മെസ്സി ഹാട്രിക് നേടിയത്. ഹാട്രിക്കിനൊപ്പം രണ്ട് അസിസ്സും മത്സരത്തിൽ താരം നൽകിയതോടെ അർജൻറീന 6-0 എന്ന വമ്പൻ സ്കോറിന് വിജയിച്ചു. മെസ്സിയുടെ പ്രകടനം ഇന്റർ മയമിക്ക് മേജർ ലീഗിൽ കൂടുതൽ ആത്മവിശ്വാസം നൽകി.