സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തലവേദനയായി മെഡിസെപ്

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് ആശ്വാസമാകുന്ന തരത്തിലാണ് സർക്കാർ മെഡിസെപ് പദ്ധതി ആരംഭിച്ചതെങ്കിലും ഇപ്പോൾ അത് നേരെ വിപരീത ഫലം ചെയ്ത് കൊണ്ടിരിക്കുകയാണ്. സ്വകാര്യ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾക്ക് പദ്ധതി സ്വീകരിക്കാൻ മടിയാണ് എന്നതും , മുട്ട് , ഇടുപ്പെല്ല് ശസ്ത്രക്രിയ തുടങ്ങി പലതും മെഡിസെപ് കവറേജിൽ നിന്ന് സ്വകാര്യ ആശുപത്രികൾ സ്വയം ഒഴിവാക്കി എന്നതുമൊക്കെ പദ്ധതിയെ അവതാളത്തിലാക്കുന്നു.

മാസം അഞ്ഞൂറ് രൂപ പ്രീമിയമടച്ച് അം​ഗത്വം തുടരുന്ന പദ്ധതിയിൽ , ഓരോ കുടുംബത്തിനും മൂന്ന് വർഷത്തേക്ക് മൂന്ന് ലക്ഷം രൂപ പരിരക്ഷ നൽകുന്നു എന്ന് പറയുമ്പോഴും ഇതിന്റെ പകുതി തുക പോലും അം​ഗങ്ങൾക്ക് ഉപയോ​ഗപ്രഥമാകുന്നില്ല. അതായത് മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് ജിവനക്കാർക്കും പെൻഷൻകാർക്കും യാതൊരു ഉപകാരവുമില്ലാതെ ബാധ്യതയായി മാത്രം മാറുന്നു എന്ന് ചുരുക്കം. മെഡിസെപിൽ ഓരോ കുടുംബത്തിനും മൂന്ന് വർഷത്തേക്ക് മൂന്ന് ലക്ഷം രൂപയാണ് പരിരക്ഷ. ഇതിൽ ഒരു വർഷം ഒന്നരലക്ഷത്തോളം രൂപ ഉപയോഗിക്കണം. അല്ലാത്തപക്ഷം ആ തുക അസാധുവാകുമെന്നായിരുന്നു കരാർ. ഇത് കൊണ്ട് തന്നെ പലപ്പോഴു തുക ഉപയോ​ഗിക്കാനാവാതെ പോകുകയാണ്.

മെഡിസെപ് പരിധിയിൽ ഒരുവിധം എല്ലാ രോഗങ്ങൾക്കും പരിരക്ഷയെ കുറിച്ചും പറയുന്നുണ്ടെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴാണ് കളി മാറുന്നത്. ലിസ്റ്റ് ചെയ്ത ചികിത്സകൾ പലതും പാക്കേജിൽ ഉൾപ്പെടുന്നില്ലെന്ന് പറയും. ചികിത്സാചെലവിന്റെ നല്ലൊരു ഭാഗം പ്രത്യേകം ഈടാക്കുകയും ചെയ്യും. ക്യാഷ് ലെസ് പദ്ധതിയെണെങ്കിലും മെഡിസെപ് ഇപ്പോൾ അങ്ങനെയല്ലെന്നും പരാതി വ്യാപകമാണ്. ഉദാഹരണത്തിന്,​ ഒരു ലക്ഷം രൂപയുടെ ചികിത്സാ ബിൽ വന്നാൽ കൈയിൽ നിന്ന് പണമടച്ച് ഡിസ്ചാർജാവണം. ദിവസങ്ങൾ കഴിഞ്ഞ് മെഡിസെപ് ആനുകൂല്യമായി റീഫണ്ട് ചെയ്യുന്നത് അടച്ചതിന്റെ മൂന്നിലൊന്ന് തുകയായിരിക്കും.

2022 ജൂലായ് ഒന്നിനാണ് മെഡിസെപ് തുടങ്ങിയത്. മാസം 500 രൂപവച്ചാണ് പ്രീമിയം പിടിക്കുന്നത്. എന്നാൽ,​ കഴിഞ്ഞ രണ്ടു വർഷത്തെ ക്ളെയിം വാർഷിക പ്രീമിയത്തിനും മുകളിൽ പോയി. മാസ സംഖ്യ കൂട്ടാതെ മുന്നോട്ടുപോകാൻ പറ്റില്ലെന്നാണ് നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷ്വറൻസിന്റെ നിലപാട്. വർഷം 450 കോടി കൊടുക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിടത്ത് 600 കോടിയിലധികം കൊടുത്തെന്ന് കമ്പനി പറയുന്നു.

29 ലക്ഷത്തിലേറെ അംഗങ്ങൾ നിലവിൽ പദ്ധതിയിൽ അം​ഗങ്ങളാണ്. അതിൽ 5,33,618 മെഡിസെപിലെ ജീവനക്കാരും 5,53,338 പെൻഷൻകാരും 18,32059 ആശ്രിതരുമാണ് ഉള്ളത്. പദ്ധതിയുടെ പേരിൽ ഒരു വർഷം 652.1736 കോടി സമാഹരിക്കുന്നുണ്ടെങ്കിലും ഇതുവരെ 1485 കോടി രൂപമാണ് സർക്കാർ നൽകിയിട്ടുള്ളതെന്നതാണ് കണക്ക്. അതേ സമയം പദ്ധതി അവതാളത്തിലാകുന്നതോടെ ഇനിയു പദ്ധതി മുന്നോട്ട് കൊണ്ട് പോകുമോ എന്ന ആശങ്കയും ശക്തമാകുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments