Loksabha Election 2024News

SDPI പിന്തുണ സ്വീകരിക്കില്ലെന്ന് UDF: ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐയെ തള്ളി യുഡിഎഫ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഒരുപോലെയാണെന്നും എസ്ഡിപിഐ നല്‍കുമെന്ന് പറഞ്ഞ പിന്തുണ സ്വീകരിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും കേരളത്തിലെ കോണ്‍ഗ്രസും യു.ഡി.എഫും ഒരു പോലെ എതിര്‍ക്കും. അത്തരം സംഘടനകളുടെ പിന്തുണ സ്വീകരിക്കില്ല. എസ്.ഡി.പി.ഐ യു.ഡി.എഫിന് നല്‍കിയിരിക്കുന്ന പിന്തുണയെയും അതേ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് കാണുന്നത്. ജനങ്ങള്‍ വ്യക്തിപരമായാണ് വോട്ട് ചെയ്യുന്നത്. എല്ലാ ജനവിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ സംഘടനകളുടെ കാര്യത്തില്‍ ഇതാണ് ഞങ്ങളുടെ തീരുമാനം. ഈ തീരുമനത്തിന്റെ പശ്ചാത്തലത്തിലാണ് എസ്.ഡി.പി.ഐയുടെ പിന്തുണയും യു.ഡി.എഫ് കാണുന്നത്.

എസ്.ഡി.പി.ഐ യു.ഡി.എഫിനാണ് പിന്തുണ പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ എല്ലാവരുമായും ആലോചിച്ചാണ് പിന്തുണ വേണ്ടെന്ന തീരുമാനം എടുത്തത്. മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എല്ലാവരുടെയും വോട്ട് വേണമെന്നാണ് പറഞ്ഞത്. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവരുടെയും വോട്ട് വേണം. പക്ഷെ സംഘടന വോട്ട് നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചത്. ഇതേ തീരുമാനം തൃക്കാര തെരഞ്ഞെടുപ്പ് കാലത്തും യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും ബി.ജെ.പിയും വീണ്ടും ഒക്കച്ചങ്ങായിമാരായി മാറിയിരിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ കൊടുക്കാന്‍ വന്നപ്പോള്‍ നടത്തിയ റോഡ് ഷോയില്‍ പതാകകള്‍ ഒന്നും കണ്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഞങ്ങള്‍ എങ്ങനെ പ്രചരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ട. എ.കെ.ജി സെന്ററില്‍ നിന്നും തീരുമാനിക്കുന്നതല്ല യു.ഡി.എഫിന്റെ പ്രചാരണ രീതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബി.ജെ.പിയാണ്. ഈ തെരഞ്ഞെടുപ്പില്‍ അതേ വിവാദം ഉണ്ടാക്കുന്നത് പിണറായി വിജയനാണ്. ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പിണറായി ഇത് ചെയ്യുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാന്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുകയും മറുവശത്ത് ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനും സന്തോഷിപ്പിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മാസപ്പടി ഉള്‍പ്പെടെയുള്ള കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ബി.ജെ.പിയെ ഭയന്ന് പിണറായി വിജയന്‍ ഇതൊക്കെ പറയുന്നത്. നിരന്തരമായി രാഹുല്‍ ഗാന്ധിക്കെതിരെയാണ് പിണറായി വിജയന്‍ ആക്രമണം നടത്തുന്നത്. വര്‍ഗീയതയ്ക്കും ഫാഷിസത്തിനും എതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനാധിപത്യ ചേരിയുടെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധി. ആ രാഹുല്‍ ഗാന്ധിയെയാണ് അപകീര്‍ത്തിപ്പെടുത്തി ബി.ജെ.പി സന്തോഷിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ എങ്ങനെ നടത്തണമെന്ന് എ.കെ.ജി സെന്ററില്‍ തീരുമനിക്കേണ്ട. പിണറായി വിജയന്‍ എല്‍.ഡി.എഫിന്റെ കാര്യം നോക്കിയാല്‍ മതി. ദേശാഭിമാനിയും കൈരളിയുമൊന്നും യു.ഡി.എഫിന്റെ പ്രചരണം തീരുമാനിക്കേണ്ട.

കേരളത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിസന്ധിയിലാകുമ്പോഴൊക്കെ രക്ഷകനായി ഗവര്‍ണര്‍ വരും. അപ്പോള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള വിവാദം തെരുവിലെത്തും. സമാധാനകാലമാകുമ്പോള്‍ ക്ലിഫ് ഹൗസില്‍ നിന്നും രാജ്ഭവനിലേക്കും രാജ് ഭവനില്‍ നിന്ന് ക്ലിഫ് ഹൗസിലേക്കും മധുര പലഹാരങ്ങളും സമ്മാനങ്ങളുമെത്തും. ഇതിന്റെ ഭാഗമായാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി മണികുമാറിനെ നിയമിച്ചത്. ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെ പ്രതിപക്ഷം എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് വിശദമായ കത്ത് നല്‍കിയിരുന്നതാണ്. ഇത്രയും കാലം തീരുമാനം എടുക്കാതെ ഇപ്പോള്‍ നിയമനം നടത്തിയതിലൂടെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ വീണ്ടും ധാരണയില്‍ എത്തിയെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിന് മുന്‍പും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒന്നിച്ചപ്പോഴൊക്കെ ഇതുപോലുള്ള നിമയവിരുദ്ധ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത്തരം തീരുമാനങ്ങളാണ് പിന്നീട് സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കിയത്.

SDPI ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കോൺഗ്രസുമായോ, യുഡിഎഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കള്‍‌ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പൊതുവിൽ കേരളത്തിൽ നിലനിൽക്കുന്ന അനുകൂല രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്ന ഒരു സാഹചര്യമാണ് എസ്ഡിപിഐ പിന്തുണ നല്‍കിയതിലൂടെ സംഭവിച്ചത്. വ്യക്തികൾ എന്നനിലയിൽ ആര് വോട്ടുചെയ്താലും പ്രശ്നമില്ല, എന്നാൽ, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുടെ പിന്തുണവേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *